
വാഷിംഗ്ടൺ: അടുത്ത നാല് വർഷത്തിനുള്ളിൽ അമേരിക്കയിലെ ഉത്പാദന മേഖലയിൽ 100 ബില്യൺ ഡോളർ കൂടി അധികമായി നിക്ഷേപിക്കുമെന്ന് ആപ്പിൾ പ്രഖ്യാപിച്ചു. യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനൊപ്പം വൈറ്റ് ഹൗസിൽ നടത്തിയ പത്രസമ്മേളനത്തിൽ ആപ്പിൾ സിഇഒ ടിം കുക്കാണ് ഈ പ്രഖ്യാപനം നടത്തിയത്.
“അമേരിക്കയിൽ വിൽക്കുന്ന ഐഫോണുകൾ അമേരിക്കയിൽ തന്നെ നിർമ്മിക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള ഒരു വലിയ ചുവടുവെപ്പാണിത്. നമ്മുടെ രാജ്യത്തിൻ്റെ ചരിത്രത്തിലെ ഏറ്റവും വലിയ നിക്ഷേപ മുന്നേറ്റങ്ങളിലൊന്നാണ് ഇന്നത്തെ ഈ പ്രഖ്യാപനം,” ട്രംപ് പറഞ്ഞു.
‘അമേരിക്കൻ മാനുഫാക്ചറിംഗ് പ്രോഗ്രാം’ എന്ന പദ്ധതിയുടെ ഭാഗമായി കൂടുതൽ വിതരണ ശൃംഖലകളും അത്യാധുനിക നിർമ്മാണ സൗകര്യങ്ങളും അമേരിക്കയിലേക്ക് കൊണ്ടുവരുമെന്ന് ആപ്പിൾ അറിയിച്ചു. എന്നാൽ, തങ്ങളുടെ പ്രധാന ഉത്പന്നമായ ഐഫോൺ പൂർണ്ണമായും അമേരിക്കയിൽ നിർമ്മിക്കുമോ എന്ന കാര്യത്തിൽ ആപ്പിൾ വ്യക്തമായ ഉറപ്പ് നൽകിയിട്ടില്ല.