യുഎസിന് മുന്നിൽ ‘കണ്ടീഷൻ’ വച്ച് ഇറാൻ! വിട്ടുവീഴ്ചകൾക്ക് തയാർ, പക്ഷേ…; നിലപാട് ആവർത്തിച്ച് ഇറാൻ

ടെഹ്റാൻ: ആണവ പദ്ധതിയെക്കുറിച്ച് അമേരിക്കയുമായി നടത്തുന്ന ചർച്ചകളിൽ വിട്ടുവീഴ്ചകൾക്ക് തയ്യാറാണെന്ന് സൂചിപ്പിച്ച് ഇറാൻ. ഇറാന്‍റെ ആണവ പദ്ധതി ആയുധവൽക്കരിക്കപ്പെടില്ലെന്ന് ഉറപ്പാക്കാൻ ടെഹ്റാൻ തയ്യാറാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. എന്നാൽ യുറേനിയം സമ്പുഷ്ടീകരണം സംബന്ധിച്ച് തങ്ങൾക്ക് വിട്ടുവീഴ്ചയില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഇറാന്‍റെ ആണവ പദ്ധതി ആയുധവൽക്കരിക്കപ്പെടില്ലെന്ന് ഉറപ്പാക്കുക എന്നതാണ് ഉദ്ദേശ്യമെങ്കിൽ, അത് നമുക്ക് ലളിതമായി ചെയ്യാൻ കഴിയുന്ന കാര്യമാണെന്ന് കരുതുന്നു എന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഗായി പറഞ്ഞു.

വാഷിംഗ്ടണും ടെഹ്റാനും എങ്ങനെ ചർച്ചകളിൽ വിട്ടുവീഴ്ചയിലെത്താമെന്ന് ചോദിച്ചപ്പോൾ, വിശദാംശങ്ങളിലേക്ക് കടക്കാതെ പല വഴികളുണ്ട് എന്നാണ് അദ്ദേഹം മറുപടി നൽകിയത്. എന്നാൽ, ആണവോർജ്ജത്തിനുള്ള ഇറാന്‍റെ അവകാശം ഈ കരാറിൽ സംരക്ഷിക്കണം എന്ന് അദ്ദേഹം ആവർത്തിച്ചു. ഇത് ചർച്ചകളിലെ ഇറാന്‍റെ ദീർഘകാല നിലപാടിന് ഊന്നൽ നൽകുന്നതാണ്. ഇറാനികളെ സമാധാനപരമായ ആണവോർജ്ജത്തിനുള്ള അവരുടെ അവകാശത്തിൽ നിന്ന് അകറ്റാനാണ് യുഎസിന്‍റെ ഉദ്ദേശ്യമെങ്കിൽ, അത് വളരെ പ്രശ്നകരമാകുമെന്ന് കരുതുന്നുവെന്നും ഇസ്മായിൽ ബഗായി പറഞ്ഞു. അതേസമയം, യുഎസുമായുള്ള ആണവ കരാർ ഉറപ്പാക്കുന്നതിൽ പരാജയപ്പെട്ടാലും ഇറാൻ നിലനിൽക്കുമെന്ന് ഇറാൻ പ്രസിഡന്‍റ് മസൂദ് പെസെഷ്കിയൻ പറഞ്ഞു.

More Stories from this section

family-dental
witywide