
ദുബായ്: ഇറാന്‍റെ നിരീക്ഷണത്തിലുള്ള സമുദ്രാതിർത്തിയിലേക്ക് പ്രവേശിക്കാൻ ശ്രമിച്ച അമേരിക്കൻ യുദ്ധക്കപ്പലിന് കടുത്ത മുന്നറിയിപ്പ് നൽകിയെന്ന് റിപ്പോര്‍ട്ട്. മുന്നറിയിപ്പ് നൽകിയതിനെത്തുടർന്ന് യുഎസ് കപ്പൽ വഴിമാറി സഞ്ചരിച്ചതായി ഇറാനിയൻ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ജൂലൈ 23നാണ് സംഭവം. അമേരിക്കൻ നാവികസേനയും മിഡിൽ ഈസ്റ്റിലെ യുഎസ് സേനകളെ നിയന്ത്രിക്കുന്ന യുഎസ് സെൻട്രൽ കമാൻഡും ഈ റിപ്പോർട്ടിനോട് പ്രതികരിച്ചിട്ടില്ല.
ആണവായുധങ്ങൾ വികസിപ്പിക്കുന്നതിനുള്ള പരിപാടിയുടെ ഭാഗമാണെന്ന് വാഷിംഗ്ടൺ ആരോപിക്കുന്ന ഇറാനിയൻ ആണവ കേന്ദ്രങ്ങളിൽ കഴിഞ്ഞ മാസം യുഎസ് നടത്തിയ ആക്രമണങ്ങൾക്ക് പിന്നാലെയാണ് ഈ സംഭവം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. തങ്ങളുടെ ആണവ പദ്ധതി പൂർണ്ണമായും സിവിലിയൻ ആവശ്യങ്ങൾക്കാണെന്ന് ടെഹ്‌റാൻ ആവർത്തിച്ച് പറയുന്നുണ്ട്. യുഎസ് ഡിസ്ട്രോയർ ഫിറ്റ്സ്ജെറാൾഡ് ഇറാന്‍റെ നിരീക്ഷണത്തിലുള്ള സമുദ്രാതിർത്തിയിലേക്ക് പ്രകോപനപരമായി അടുക്കാൻ ശ്രമിച്ചുവെന്ന് ഇറാനിയൻ സ്റ്റേറ്റ് ടിവി റിപ്പോർട്ട് ചെയ്തു.
ഒരു നാവികസേനയുടെ ഹെലികോപ്റ്റർ ഉടൻതന്നെ ഡിസ്ട്രോയറിന് സമീപമെത്തി പ്രദേശം വിട്ടുപോകാൻ കർശന മുന്നറിയിപ്പ് നൽകിയതായും റിപ്പോർട്ടിൽ പറയുന്നു. യുഎസ് ഡിസ്ട്രോയർ ഇറാനിയൻ ഹെലികോപ്റ്ററിന് നേരെ ഭീഷണി മുഴക്കിയെങ്കിലും, തുടർച്ചയായ മുന്നറിയിപ്പുകൾക്കൊടുവിൽ പ്രദേശം വിട്ടുപോയതായും സ്റ്റേറ്റ് ടിവി കൂട്ടിച്ചേർത്തു.