
ടെഹ്റാൻ: ഇസ്രായേലിനും അമേരിക്കക്കുമെതിരെ കടുത്ത പരാമർങ്ങളുമായി ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി. ഇറാൻ – ഇസ്രായേൽ സംഘർഷത്തിൽ കണ്ടതിനേക്കാൾ വലിയ പ്രഹരം ഇറാനിയൻ ഭരണകൂടത്തിന് എതിരാളികൾക്ക് നൽകാൻ കഴിയുമെന്നാണ് ഖമനേയിയുടെ മുന്നറിയിപ്പ്. അമേരിക്കയുടെ ചങ്ങലയിലെ നായ എന്നാണ് ഖമനേയി ഇസ്രായേലിനെ ആക്ഷേപിച്ചു. ഇസ്രായേൽ ഒരു കാൻസർ ട്യൂമറാണെന്നും അമേരിക്കയ്ക്കും ബെഞ്ചമിൻ നെതന്യാഹുവിനുമെതിരായ പോരാട്ടം പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു.
12 ദിവസത്തെ യുദ്ധത്തിനിടെ ഇസ്രായേലിന്‍റെ ആക്രമണങ്ങൾ ഇറാന്‍റെ സംവിധാനത്തെ ദുർബലപ്പെടുത്താനും തകർക്കാനും ഉദ്ദേശിച്ചുള്ളതാണെന്ന് ഖമനേയി വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച പ്രസ്താവനയിൽ പറഞ്ഞു. ഇറാനിലെ ചില വ്യക്തികളെയും കേന്ദ്രങ്ങളെയും ലക്ഷ്യമിട്ടുള്ള ആക്രമണത്തിന്റെ ലക്ഷ്യം രാജ്യത്തെ ദുർബലപ്പെടുത്തുക എന്നതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇസ്രായേലിന്റെ കുറ്റകൃത്യങ്ങൾക്ക് അമേരിക്ക കൂട്ടാളിയാണെന്നും വീണ്ടും ആക്രമണം ഉണ്ടായാൽ തിരിച്ചടിക്കാൻ ഇറാൻ സന്നദ്ധമാണെന്നും ഖമനേയി വ്യക്തമായ സൂചന നൽകി. ഇറാൻ-ഇസ്രായേൽ യുദ്ധത്തിൽ കണ്ടതിനേക്കാൾ വലിയ പ്രഹരം എതിരാളികൾക്ക് നൽകാൻ ഇറാന് കഴിയും. ഏത് പുതിയ സൈനിക ആക്രമണത്തിനും മറുപടി നൽകാൻ ഇറാൻ തയ്യാറാണെന്നും സുപ്രീം ലീഡർ പറഞ്ഞു. ഇറാനെതിരെ സൈനിക നടപടി സ്വീകരിക്കില്ലെന്ന് അമേരിക്ക ഉറപ്പ് നൽകുന്നിടത്തോളം നയതന്ത്രത്തിന് തയ്യാറാണെന്നും ഇറാൻ അറിയിച്ചു.