
ടെഹ്റാൻ: ആണവ പദ്ധതി സംബന്ധിച്ച് ഇറാൻ – യുഎസ് ചർച്ച നിർണായക ഘട്ടത്തിലാണെന്ന് അന്താരാഷ്ട്ര ആണവോർജ ഏജൻസി തലവൻ റാഫേൽ മരിയാനോ ഗ്രോസി. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഘ്ചിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സുപ്രധാനമായ ചർച്ചയുടെ ഘട്ടമാണിത്. ചർച്ചയിൽ നല്ല തീരുമാനമുണ്ടാകാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആണവ കരാർ യാഥാർഥ്യമായാൽ ഒന്നും ആശങ്കപ്പെടേണ്ടതില്ലെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണിയെ കുറിച്ച് ഗ്രോസ് പ്രതികരിച്ചു.
അതേസമയം, ഇറാൻ ആണവായുധം നിർമിക്കുന്നതിന് തൊട്ടടുത്തെത്തിയെന്ന് അന്താരാഷ്ട്ര ആണവോർജ ഏജൻസി മേധാവി റഫായേൽ ഗ്രോസി വെളിപ്പെടുത്തിയിരുന്നു. ആണവായുധം നിർമിക്കാനാവശ്യമായ എല്ലാ കാര്യങ്ങളും ഇപ്പോൾ അവരുടെ കൈവശമുണ്ട്. എപ്പോൾ വേണമെങ്കിലും അത് സംഭവിക്കാമെന്നും റഫായേൽ ഗ്രോസി പറഞ്ഞു. ഫ്രഞ്ച് മാധ്യമമായ ലെ മോണ്ടെയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഗ്രോസി ഇക്കാര്യങ്ങൾ പറഞ്ഞത്. ആണവായുധം സ്വായത്തമാക്കുന്നതിൽ നിന്ന് ഇറാൻ ഒട്ടും അകലെയല്ലെന്നുള്ള മുന്നറിയിപ്പാണ് ഗ്രോസി നൽകുന്നത്.