
ടെഹ്റാൻ: ഇസ്രായേലിന് സൈനിക പിന്തുണ നൽകുന്നതിനെതിരെ അമേരിക്കയ്ക്ക് മുന്നറിയിപ്പ് നൽകി ഇറാൻ. ഇറാനെതിരായ ഇസ്രായേൽ ആക്രമണങ്ങളെ തുടർന്നുണ്ടായ തിരിച്ചടി ഭീഷണികൾക്കിടെയാണ് ഈ മുന്നറിയിപ്പ്. അമേരിക്കയ്ക്ക് ശക്തമായ മുന്നറിയിപ്പ് നൽകാൻ ഇറാൻ വിദേശകാര്യ മന്ത്രാലയം ടെഹ്റാനിലെ സ്വിസ് അംബാസഡറെ വിളിച്ചുവരുത്തി. സ്വിസ് അംബാസഡർ ഇറാനിൽ യുഎസ് താൽപ്പര്യങ്ങളെയാണ് പ്രതിനിധീകരിക്കുന്നത്.
ഇസ്രായേലിന് ഏതെങ്കിലും തരത്തിലുള്ള യുഎസ് സൈനിക പിന്തുണ നല്‍കുന്നതിലാണ് മുന്നറിയിപ്പ്. സയണിസ്റ്റ് ഭരണകൂടത്തിന്റെ ഇത്തരം ആക്രമണങ്ങൾ യുഎസിന്‍റെ സഹകരണമോ, ഏകോപനമോ, അല്ലെങ്കിൽ ഏറ്റവും കുറഞ്ഞത് പച്ചക്കൊടിയോ ഇല്ലാതെ നടക്കില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടുന്നുണ്ട്. സ്വയം പ്രതിരോധിക്കാനുള്ള ഇറാന്‍റെ നിയമപരമായ അവകാശം തടസ്സപ്പെടുത്താനുള്ള ശ്രമങ്ങൾ ഉൾപ്പെടെ, സയണിസ്റ്റ് ഭരണകൂടത്തിന് അമേരിക്ക നൽകുന്ന ഏതൊരു സൈനിക പിന്തുണക്കെതിരെയും ഇറാൻ മുന്നറിയിപ്പ് നൽകുകയാണ് പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.
അതേസമയം, ഇസ്രയേല്‍ – ഇറാൻ സംഘർഷ സാഹചര്യത്തിൽ ഇരു രാജ്യങ്ങളിലുമുള്ള ഇന്ത്യക്കാര്‍ക്ക് ജാഗ്രത പാലിക്കാൻ ഇന്ത്യൻ എംബസിയുടെ മുന്നറിയിപ്പുണ്ട്. ടെഹ്റാനിലെ ഇന്ത്യന്‍ എംബസിയാണ് ഇറാനിലുള്ള ഇന്ത്യക്കാർക്ക് മുന്നറിയിപ്പ് നൽകിയത്. ഇറാന്‍ തിരിച്ചടിച്ചതിന് പിന്നാലെ ഇസ്രയേലിലെ ഇന്ത്യന്‍ എംബസിയും ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. പ്രാദേശിക അധികൃതര്‍ നല്‍കുന്ന സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും അനാവശ്യമായി പുറത്തിറങ്ങരുതെന്നുമാണ് അറിയിപ്പിൽ പറയുന്നത്.