ട്രംപിന് മരണ ഭീഷണി; സൂര്യപ്രകാശമേറ്റ് കിടക്കുമ്പോൾ ഒരു ചെറു ഡ്രോൺ പൊക്കിളിൽ വന്നിടിച്ചേക്കാമെന്ന് ഇറാൻ

ടെഹ്റാൻ: അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് സുരക്ഷിതനായിരിക്കില്ലെന്ന മുന്നറിയിപ്പുമായി ഇറാൻ. ഫ്ലോറിഡയിലെ തന്റെ ആഢംബര വസതിയിൽ ട്രംപ് സുരക്ഷിതനായിരിക്കില്ല. സൂര്യപ്രകാശമേറ്റ് കിടക്കുമ്പോൾ ഒരുപക്ഷേ അദ്ദേഹത്തിനുമേൽ ആക്രമണം ഉണ്ടായേക്കാമെന്നും ട്രംപിൻ്റെ പൊക്കിളിൽ ഒരു ചെറു ഡ്രോൺ ചെന്നിടിച്ചേക്കാമെന്നും ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമീനിയുടെ മുതിർന്ന ഉപദേഷ്ട‌ാവും ഇറാനിലെ ഏറ്റവും ശക്തനായ രാഷ്ട്രീയ നേതാവും കൂടിയായ ജവാദ് ലാരിജാനി. ഇറാനിയൻ ടെലിവിഷനിൽ സംപ്രേഷണം ചെയ്ത അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞതെന്ന് ഇറാൻ ഇൻ്റർനാഷണൽ റിപ്പോർട്ട് ചെയ്യുന്നു.

സ്വസ്ഥമായി സൂര്യപ്രകാശമേറ്റ് കിടക്കാൻ പറ്റാത്തവിധത്തിലുള്ള ഒരു കാര്യമാണ് ട്രംപ് ചെയ്തത്. സൂര്യന് നേരെ വയറുന്തിക്കിടക്കുമ്പോൾ ഒരു ചെറു ഡ്രോൺ അദ്ദേഹത്തിന്റെ്റെ പൊക്കിളിൽ വന്നിടിച്ചേക്കാം. ഇത് വളരെ സിമ്പിളാണെന്നും ജാവാദ് ലാരിജാനി കൂട്ടിച്ചേർത്തു. ആയത്തുള്ള അലി ഖമീനിയെ പരിഹസിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നവർക്കെതിരായ പ്രതികാരം എന്ന് പ്രഖ്യാപിച്ചുകൊണ്ട് ഒരു ഓൺലൈൻ പ്ലാറ്റ് ഫോം പ്രത്യക്ഷപ്പെട്ടിരുന്നു. അലി ഖമീനിയുടെ ജീവന് ഭീഷണി ഉയർത്തുന്നവരെ നിയമത്തിനുമുന്നിൽ കൊണ്ടുവരാൻ കഴിയുന്ന ഏതൊരാൾക്കും ഞങ്ങൾ ഈ സമ്മാനം നൽകുമെന്ന് പ്രതിജ്ഞ ചെയ്യുന്നു, എന്നാണ് വൈബ്സൈറ്റിലെ സന്ദേശം. ഇതിലൂടെ പൊതുജനങ്ങളിൽനിന്ന് വ്യാപക ധനസമാഹരണം നടത്തുകയും ഇതുവരെ 40 മില്യൺ ഡോളറിലേറെ സമാഹരിച്ചെന്നുമാണ് റിപ്പോർട്ട്. 100 മില്യൺ ഡോളറോളം ശേഖരിക്കുക എന്നതാണ് ഇ സംഘത്തിന്റെ ലക്ഷ്യം.

അതേസമയം, ഇറാനിലെ ഷിയാ പുരോഹിതർ ട്രംപിനും നെതന്യാഹുവിനുമെതിരേ കഴിഞ്ഞദിവസം ഫത്വ പുറപ്പെടുവിച്ചിരുന്നു. ദൈവത്തിന്റെ ശത്രുക്കളെന്നായിരുന്നു ട്രംപിനേയും നെതന്യാഹുവിനേയും വിശേഷിപ്പിച്ചത്. ഇവർക്കെതിരേ ആഗോളതലത്തിൽ മുസ്ലിങ്ങൾ നടപടിയെടുക്കണമെന്നും ഫത്വയിൽ ആവശ്യപ്പെട്ടിരുന്നു. ഇറാൻ- ഇസ്രയേൽ സംഘർഷത്തിൽ അമേരിക്ക ഇടപെട്ടതോടെയാണ് ഇറാൻ്റെ പ്രതി പട്ടികയിലേക്ക് അമേരിക്കയും എത്തിയിരിക്കുന്നത്. ഇറാനിലെ മൂന്ന് ആണവകേന്ദ്രങ്ങളിൽ അമേരിക്ക ആക്രമണം നടത്തിയിരുന്നു. തുടർന്ന് ഇറാൻ ഖത്തറിലെ അമേരിക്കൻ വ്യോമതാവളത്തിൽ ഇറാൻ മിസൈലാക്രമണം നടത്തുകയും ചെയ്തു. ഇതിന് പിന്നാലെ വെടിനിർത്തലിനായി അമേരിക്ക ഇടപെടുകയും തുടർന്ന് 12 ദിവസം നീണ്ട സംഘർഷത്തിന് അറുതി ആവുകയുമായിരുന്നു.