
ന്യൂഡല്‍ഹി : ദീര്‍ഘ ദൂര ശേഷിയുള്ള മിസൈലുകള്‍ വികസിപ്പിക്കുന്നതില്‍നിന്ന് ഇറാനെ വിലക്കണമെന്ന് ആവശ്യപ്പെട്ട ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ പരിഹസിച്ച് ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. ‘നെതന്യാഹു യഥാര്‍ഥത്തില്‍ എന്താണ് വലിക്കുന്നത്’ എന്നായിരുന്നു ഇറാന്‍ വിദേശകാര്യ മന്ത്രിയുടെ ചോദ്യം. എക്സില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അരാഗ്ചിയുടെ പരിഹാസം. മാത്രമല്ല,
480 കിലോമീറ്ററില്‍ കൂടുതല്‍ പ്രഹരശേഷിയുള്ള മിസൈലുകള്‍ വികസിപ്പിക്കുന്നതില്‍നിന്ന് ടെഹ്‌റാനെ വിലക്കണമെന്നായിരുന്നു നെതന്യാഹു പറഞ്ഞത്. ഇതിന് മറുപടിയായാണ് പരിഹാസം എത്തിയത്. കൂടാതെ ഗാസയുടെ കാര്യത്തിലും ഇറാന്റെ ആണവ പദ്ധതി കൈകാര്യം ചെയ്യുന്നതിലും നെതന്യാഹുവിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിപ്പോയെന്നും അരാഗ്ചി പ്രതികരിച്ചു.
‘ഏകദേശം രണ്ട് വര്‍ഷം മുമ്പ് ഗാസയില്‍ വിജയം നേടുമെന്ന് നെതന്യാഹു പ്രഖ്യാപിച്ചിരുന്നു. അന്തിമഫലം: വ്യക്തമായ ലക്ഷ്യങ്ങളില്ലാത്ത ഒരു സൈന്യം, യുദ്ധക്കുറ്റങ്ങള്‍ക്ക് അറസ്റ്റ് വാറണ്ട് നേരിടുന്നു. 2,00000 പുതിയ ഹമാസിന്റെ റിക്രൂട്ട്‌മെന്റുകള്‍,’ അരാഗ്ചി വ്യക്തമാക്കി.
ഇറാനിലെ നാല്‍പ്പതിലധികം വര്‍ഷത്തെ സമാധാനപരമായ ആണവ നേട്ടങ്ങള്‍ എന്നന്നേക്കുമായി മായ്ച്ചുകളയാന്‍ കഴിയുമെന്ന് നെതന്യാഹു സ്വപ്‌നംകണ്ടു. എന്നാല്‍, അതിന്റെ അന്തിമഫലം എന്തായിരുന്നു? എന്ന ചോദ്യവും അദ്ദേഹം ഉയര്‍ത്തി.