
ജറുസലേം: ഗാസയിലെ ഏക കത്തോലിക്കാ പള്ളിക്ക് നേരെയുണ്ടായ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ട സംഭവത്തിൽ അഗാധമായ ഖേദം പ്രകടിപ്പിച്ച് ഇസ്രായേൽ. വ്യാഴാഴ്ച പുലർച്ചെ ഹോളി ഫാമിലി ചർച്ചിന് നേരെ ഇസ്രായേൽ ആക്രമണം നടത്തിയതായി ലാറ്റിൻ പാട്രിയാർക്കേറ്റ് ഓഫ് ജറുസലേം സ്ഥിരീകരിച്ചു. 20 മാസത്തോളമായി തുടരുന്ന യുദ്ധത്തിനിടയിൽ ഗാസയിലെ ചെറിയ ക്രൈസ്തവ സമൂഹത്തിന് അഭയകേന്ദ്രമായിരുന്നു ഈ പള്ളി.
ഗാസയിലെ ഹോളി ഫാമിലി ചർച്ചിന് നേരെ അബദ്ധത്തിൽ ഒരു വെടിയുണ്ട പതിച്ചതിൽ ഇസ്രായേൽ അഗാധമായി ഖേദിക്കുന്നു. നഷ്ടപ്പെടുന്ന ഓരോ നിരപരാധിയായ ജീവനും ഒരു ദുരന്തമാണ് എന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്‍റെ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു. ഇസ്രായേൽ ഈ സംഭവം അന്വേഷിക്കുകയും സാധാരണക്കാരെയും പുണ്യസ്ഥലങ്ങളെയും സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമായി തുടരുകയും ചെയ്യുമെന്നും ഓഫീസ് കൂട്ടിച്ചേർത്തു.
തിരുകുടുംബ പള്ളിയുടെ വളപ്പിലാണു ബോംബ് വീണത്. സംഭവത്തില്‍ പള്ളിവികാരി ഗബ്രിയേല്‍ റോമനെലി അടക്കം ഒട്ടേറെപ്പേര്‍ക്കു പരുക്കേറ്റതായാണ് വിവരം. ഗാസയിലെ അല്‍ അഹ്ലി ആശുപത്രിയില്‍ കഴിയുന്ന ഫാ. ഗബ്രിയേലിന്റെ കാലിനാണ് പരുക്ക്.അതീവ ദുഃഖം പ്രകടിപ്പിച്ച ലിയോ മാര്‍പാപ്പ, ഗാസയില്‍ ഉടന്‍ വെടിനിര്‍ത്തല്‍ വേണമെന്നും ആവശ്യപ്പെട്ടു. കാലംചെയ്ത ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ഗാസയിലെ പള്ളിയുമായി ഏറെ അടുപ്പമുണ്ടായിരുന്നു.അതേസമയം, പള്ളി ആക്രമിച്ചതില്‍ അന്വേഷണം നടത്തുമെന്ന് ഇസ്രയേല്‍ സൈന്യം അറിയിച്ചു. പള്ളി ആക്രമണം വാര്‍ത്ത എത്തിയതോടെ, യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവുമായി ഫോണില്‍ സംസാരിച്ചു.














