
ടെഹ്റാൻ: ഇറാൻ യുദ്ധം ആരംഭിക്കുകയോ ആഗ്രഹിക്കുകയോ ചെയ്തിട്ടില്ലെന്ന് ഇറാൻ പ്രസിഡന്‍റ് മസൂദ് പെസേഷ്യൻ. എന്നാൽ രാജ്യത്തിനെതിരായ ആക്രമണം വെറുതെ വിടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തിന്‍റെ സുരക്ഷയ്ക്കായി ഞങ്ങൾ നിലകൊള്ളും, ഇറാനുണ്ടാകുന്ന ഓരോ മുറിവിനും വിശ്വാസത്തോടും വിവേകത്തോടും ദൃഢനിശ്ചയത്തോടും കൂടി പ്രതികരിക്കുമെന്നും അദ്ദേഹം എക്സിൽ കുറിച്ചു.
ഇറാൻ ഖത്തറിലെ ഒരു യുഎസ് സൈനിക കേന്ദ്രത്തിനെതിരെ സൈനിക നടപടി ആരംഭിച്ചതായി ഇറാൻ സ്റ്റേറ്റ് ടിവി റിപ്പോർട്ട്. ഈ വാരാന്ത്യത്തിലെ ആക്രമണങ്ങൾക്ക് ശേഷം ഇറാൻ യുഎസ് കേന്ദ്രങ്ങളെ ലക്ഷ്യമിടാൻ സാധ്യതയുണ്ടെന്ന് അമേരിക്കൻ ഉദ്യോഗസ്ഥർ മുന്നൊരുക്കങ്ങൾ നടത്തിവരികയായിരുന്നു. ഖത്തറിലെയും ഇറാഖിലെയും യുഎസ് സൈനിക കേന്ദ്രങ്ങളിലേക്ക് ഇറാനിൽ നിന്ന് തൊടുത്ത ഒന്നിലധികം മിസൈലുകൾ യുഎസ് നിരീക്ഷിച്ച് വരികയാണ് എന്നാണ് രണ്ട് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത്.