
ടെഹ്‌റാൻ: തകർന്ന ആണവ പദ്ധതി പുനരാരംഭിക്കാനുള്ള ശ്രമങ്ങൾ ദുരൂഹമാക്കി, ഇന്റർനാഷണൽ അറ്റോമിക് എനർജി ഏജൻസിയുമായുള്ള (IAEA) സഹകരണം നിർത്തിവെക്കാനുള്ള നിയമത്തിന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ അംഗീകാരം നൽകി. യുഎൻ ആണവ നിരീക്ഷണ ഏജൻസിയുമായുള്ള സഹകരണം താൽക്കാലികമായി നിർത്തലാക്കാൻ ഇറാൻ പാർലമെന്റ് ഒരു നിയമം പാസാക്കിയതിന് ഒരാഴ്ചയ്ക്ക് ശേഷമാണ് ബുധനാഴ്ച ഈ തീരുമാനം വരുന്നത്. ഇസ്രായേലുമായി സഹകരിച്ച് ഇറാനിലെ ആണവ കേന്ദ്രങ്ങളിൽ ആക്രമണത്തിന് വഴിയൊരുക്കിയത് ഐഎഇഎ ആണെന്നാണ് ഇറാൻ ആരോപണം. എന്നാൽ ഈ ആരോപണം ഏജൻസി നിഷേധിച്ചു.
പുതിയ നിയമം നടപ്പിലാക്കാൻ ഇറാൻ അറ്റോമിക് എനർജി ഓർഗനൈസേഷൻ, സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ, വിദേശകാര്യ മന്ത്രാലയം എന്നിവയ്ക്ക് പെസെഷ്കിയാൻ ഉത്തരവ് നൽകിയതായി ഇറാൻ ഔദ്യോഗിക വാർത്താ ഏജൻസിയാണ് റിപ്പോർട്ട് ചെയ്തത്.
പുതിയ നിയമം എപ്പോൾ, എങ്ങനെ നടപ്പിലാക്കും എന്ന് വ്യക്തമല്ല. എന്നാൽ ഈ തീരുമാനം, ഐ എ ഇ എയുടെ പരിശോധനകളോ നിരീക്ഷണങ്ങളോ ഇല്ലാതെ ഇറാനെ അവരുടെ ആണവ പദ്ധതി പുനർനിർമ്മിക്കാൻ വഴിയൊരുക്കിയേക്കും.
ആണവ പദ്ധതികളുടെ സമാധാനപരമായ സ്വഭാവം ഉറപ്പാക്കാൻ സൗകര്യങ്ങൾ നിരീക്ഷിക്കാനും പരിശോധിക്കാനും അംഗങ്ങളെ അനുവദിക്കണമെന്ന് ആവശ്യപ്പെടുന്ന ആണവ നിർവ്യാപന കരാറിൽ (NPT) ഒപ്പുവെച്ച രാജ്യമാണ് ഇറാൻ.ഞങ്ങൾ ഈ റിപ്പോർട്ടുകളെക്കുറിച്ച് അറിഞ്ഞിട്ടുണ്ട്. ഇറാനിൽ നിന്ന് കൂടുതൽ ഔദ്യോഗിക വിവരങ്ങൾക്കായി കാത്തിരിക്കുകയാണെന്ന ഐ എ ഇ എ വക്താവ് അറിയിച്ചു