
വാഷിംഗ്ടണ്‍ : ന്യൂയോര്‍ക്കിലെ ജൂത കേന്ദ്രത്തില്‍ ഐഎസ്ഐഎസ് ആക്രമണം ആസൂത്രണം ചെയ്തുവെന്ന് ആരോപിച്ച് കാനഡയില്‍ പിടിയിലായ പാക് പൗരനെ യുഎസിന് കൈമാറി. എഫ്ബിഐ മേധാവി കാഷ് പട്ടേലാണ് വിശദാംശങ്ങള്‍ വെളിപ്പെടുത്തിയത്.
ഇസ്രായേലിലെ ജനങ്ങള്‍ക്കെതിരെ ഹമാസ് നടത്തിയ മാരകമായ ആക്രമണത്തിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 7 ന് ന്യൂയോര്‍ക്കില്‍ ഭീകരാക്രമണം നടത്താനായിരുന്നു മുഹമ്മദ് ഷഹസേബ് ഖാന്‍ എന്നയാള്‍ പദ്ധതിയിട്ടതെന്നാണ് റിപ്പോര്‍ട്ട്. കാനഡയില്‍ താമസിക്കുന്ന മുഹമ്മദ് ഷഹസേബ് ഖാന്‍ കഴിഞ്ഞ വര്‍ഷം ബ്രൂക്ലിനിലെ ഒരു ജൂത കേന്ദ്രത്തില്‍ കൂട്ട വെടിവയ്പ്പ് ആസൂത്രണം ചെയ്തതായി ആരോപിക്കപ്പെടുന്നു.
”ഇന്ന് ഉച്ചതിരിഞ്ഞ്, ഐഎസിന് ഭൗതിക പിന്തുണ നല്‍കാന്‍ ശ്രമിച്ചതിനും ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ശ്രമിച്ചതിനും കാനഡയില്‍ താമസിക്കുന്ന പാകിസ്ഥാന്‍ പൗരനായ മുഹമ്മദ് ഷഹസേബ് ഖാനെ അമേരിക്കയിലേക്ക് നാടുകടത്തി,” എഫ്ബിഐ ഡയറക്ടര്‍ കാഷ് പട്ടേല്‍ എക്സില്‍ പോസ്റ്റ് ചെയ്തു.
എഫ്ബിഐയില്‍ നിന്നുള്ള ഇന്റലിജന്‍സ് വിവരങ്ങളെ തുടര്‍ന്നാണ് 2024 സെപ്റ്റംബര്‍ 4 ന് കനേഡിയന്‍ അധികൃതര്‍ മുഹമ്മദ് ഷഹസേബ് ഖാനെ അറസ്റ്റ് ചെയ്തതെന്നും പട്ടേല്‍ പറഞ്ഞു. യുഎസ്-കാനഡ അതിര്‍ത്തിയില്‍ നിന്ന് ഏകദേശം 12 മൈല്‍ (19 കിലോമീറ്റര്‍) അകലെയുള്ള ഓര്‍മ്സ്ടൗണ്‍ മുനിസിപ്പാലിറ്റിയില്‍ വെച്ചാണ് കനേഡിയന്‍ അധികൃതര്‍ ഇയാളെ കസ്റ്റഡിയിലെടുത്തത്.
പാക്കിസ്ഥാനിലെ ഭീകരവാദികളെക്കുറിച്ച് ഇന്ത്യയടക്കം നിരന്തരം ആശങ്ക ഉയര്‍ത്തുകയും എന്നാല്‍ പഹല്‍ഗാമിലടക്കമുള്ള പങ്ക് പാക്കിസ്ഥാന്‍ തള്ളുകയും ചെയ്യുന്നതിനിടെയാണ് പാക് പൗരന്‍ പിടിയിലാകുന്നത്.