അമേരിക്കയിൽ ആയിരക്കണക്കിന് ഉപഭോക്താക്കൾ വലഞ്ഞു, വാൾമാർട്ട് ഡിജിറ്റൽ സേവനങ്ങൾ തടസങ്ങൾ; കാരണം വെളിപ്പെടുത്താതെ കമ്പനി

വാഷിംഗ്ടൺ: അമേരിക്കയിലെ പ്രമുഖ റീട്ടെയിൽ ശൃംഖലയായ വാൾമാർട്ടിന്‍റെ വെബ്‌സൈറ്റും മൊബൈൽ ആപ്പും പ്രവർത്തനരഹിതമായി. ഈ വൻ സാങ്കേതിക തകരാർ കാരണം ആയിരക്കണക്കിന് ഉപഭോക്താക്കൾക്ക് ഓൺലൈൻ ഷോപ്പിംഗ് നടത്താനോ ഓർഡറുകൾ ട്രാക്ക് ചെയ്യാനോ സാധിച്ചില്ല. അവധിദിനങ്ങൾക്ക് ശേഷമുള്ള തിരക്കേറിയ ഷോപ്പിംഗ് സീസണിൽ ഉണ്ടായ ഈ തടസ്സം ഉപഭോക്താക്കൾക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

തകരാറുകൾ റിപ്പോർട്ട് ചെയ്യുന്ന ‘ഡൗൺ ഡിറ്റക്ടർ’ വെബ്‌സൈറ്റ് പ്രകാരം, ഉച്ചയോടെ പരാതിക്കാരുടെ എണ്ണത്തിൽ വൻ വർദ്ധനവുണ്ടായി. ഏകദേശം 6,400-ലധികം ഉപഭോക്താക്കൾ ഔദ്യോഗികമായി പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തു. മൊത്തം പരാതികളിൽ 72 ശതമാനവും വാൾമാർട്ട് മൊബൈൽ ആപ്പിനെക്കുറിച്ചായിരുന്നു. 25 ശതമാനം പേർ വെബ്‌സൈറ്റിലെ തകരാറുകൾ ചൂണ്ടിക്കാട്ടി. ആപ്പ് തുറക്കുമ്പോൾ തന്നെ ക്രാഷ് ആകുന്നതായും വെബ്‌സൈറ്റിൽ എറർ മെസേജുകൾ കാണിക്കുന്നതായും ഉപഭോക്താക്കൾ പരാതിപ്പെട്ടു.

സാധനങ്ങൾ വാങ്ങുന്നതിന് പുറമെ, നേരത്തെ ഓർഡർ ചെയ്ത ഗ്രോസറികൾ പിക്ക് അപ്പ് ചെയ്യുന്നതിനുള്ള ഷെഡ്യൂളിംഗ്, അക്കൗണ്ട് ആക്സസ്, ചെക്ക് ഔട്ട് സേവനങ്ങൾ എന്നിവയും നിലച്ചു. സാങ്കേതിക തകരാറിനുള്ള കൃത്യമായ കാരണം വാൾമാർട്ട് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. സേവനങ്ങൾ പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് കമ്പനി അറിയിച്ചു. ക്രിസ്മസ് ഷോപ്പിംഗ് സജീവമായിരിക്കുന്ന സമയത്ത് ഉണ്ടായ ഈ തകരാർ വാൾമാർട്ടിന്റെ ഓൺലൈൻ വ്യാപാരത്തെ സാരമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ.

More Stories from this section

family-dental
witywide