
ഗാസ: ഞായറാഴ്ച രാത്രി ഗാസ സിറ്റിയിലുണ്ടായ ഇസ്രായേൽ ആക്രമണത്തിൽ അൽ ജസീറ വാർത്താ ചാനലിലെ നാല് മാധ്യമപ്രവർത്തകരടക്കം ഏഴ് പേർ കൊല്ലപ്പെട്ടു. ഇസ്രായേൽ സൈന്യം ലക്ഷ്യമിട്ടത് അൽ ജസീറ ലേഖകനായ അനസ് അൽ ഷെരീഫിനെയാണെന്ന് അറിയിച്ചു. ഗാസയിലെ യുദ്ധം വ്യാപകമായി റിപ്പോർട്ട് ചെയ്ത പ്രമുഖ മാധ്യമപ്രവർത്തകനാണ് അദ്ദേഹം. ഹമാസ് സെല്ലിന് നേതൃത്വം നൽകി എന്ന ആരോപണം ഉന്നയിച്ചാണ് അദ്ദേഹത്തെ ലക്ഷ്യമിട്ടതെന്ന് സൈന്യം പറഞ്ഞു.
എന്നാൽ, ഈ ആരോപണം അനസ് അൽ ഷെരീഫ് നേരത്തെ നിഷേധിച്ചിരുന്നു. ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ അൽ ജസീറയിലെ മറ്റൊരു മാധ്യമപ്രവർത്തകനായ മുഹമ്മദ് ഖ്വെരിഖെ, ഫോട്ടോ ജേണലിസ്റ്റുകളായ ഇബ്രാഹിം അൽ ദാഹർ, മുഹമ്മദ് നൗഫൽ എന്നിവരും ഉൾപ്പെടുന്നുണ്ടെന്ന് അൽ ജസീറ അറിയിച്ചു.