
ന്യൂഡൽഹി : ഇസ്രയേൽ വികസിപ്പിച്ച എയർ ലോറ (എയർ ലോഞ്ച്ഡ് ലോങ് റേഞ്ച് ആർട്ടിലറി) മിസൈൽ, സീ ബ്രേക്കർ എന്ന ലോങ് റേഞ്ച് ആന്റി ഷിപ്പ് ലാൻഡ് അറ്റാക്ക് മിസൈൽ തുടങ്ങിയവ വ്യോമസേനയ്ക്കായി വാങ്ങുന്നത് സംബന്ധിച്ച ചർച്ചകൾ അവസാനിച്ചു. ഇസ്രയേൽ എയ്റോസ്പേസ് ഇൻഡസ്ട്രീസ് വികസിപ്പിച്ചെടുത്ത മൂന്ന് മിസൈലുകളും ഇന്ത്യയിൽ നിർമിക്കാൻ സാങ്കേതികവിദ്യ കൈമാറാൻ ഇസ്രയേൽ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇസ്രയേലിൽനിന്ന് ഇന്ത്യ വാങ്ങിയ റാംപേജ് എന്ന യുദ്ധവിമാനത്തിൽനിന്ന് വിക്ഷേപിക്കാവുന്ന ക്രൂയിസ് മിസൈലുകൾ ഓപ്പറേഷൻ സിന്ദൂറിൽ ഉപയോഗിക്കുകയും വിജയകരമാവുകയും ചെയ്തതിനെ തുടർന്നാണ് ഇന്ത്യ ഇസ്രയേലിൻ്റെ എയർ ലോറയും സീ ബ്രേക്കറും വാങ്ങാനുള്ള നീക്കങ്ങൾ ആരംഭിച്ചത്. ആത്മനിർഭർ ഭാരത് എന്ന ലക്ഷ്യമിട്ട് ഇന്ത്യയിൽതന്നെ ഈ മൂന്നു മിസൈലുകളും നിർമിക്കാനുള്ള സാങ്കേതികവിദ്യ കൈമാറ്റം ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ഇതുവഴി ഉത്പാദന ചെലവ് കുറയ്ക്കാൻ സാധിക്കും. പരിപാലനത്തിൽ ഇന്ത്യയ്ക്ക് പൂർണനിയന്ത്രണവും ലഭിക്കും. വ്യോമസേന മിസൈലുകൾ വാങ്ങാൻ നിർദ്ദേശിച്ചിട്ടുണ്ടെന്ന റിപ്പോർട്ടുകൾ ഉണ്ടെങ്കിലും ഇതുവരെ ആയുധ വ്യാപാരത്തിനുള്ള ചർച്ചകളുടെ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
തന്ത്രപ്രധാനമായ ലക്ഷ്യങ്ങളെ ആക്രമിച്ച് തകർക്കാൻ സഹായിക്കുന്ന എയർ ലോറ വ്യോമസേനയുടെ ആക്രമണശേഷി വർധിപ്പിക്കും. മിസൈലിന്റെ രൂപകൽപ്പന പ്രതിരോധ സംവിധാനങ്ങളെ മറികടക്കുന്ന രീതിയിലാണ് 430 കിലോമീറ്റർ ദൂരത്തേക്ക് ആക്രമണം നടത്താൻ കഴിയുന്ന എയർ ലോറ ഉള്ളത്. 570 കിലോഗ്രാം ഭാരം വരുന്ന പോർമുന വഹിക്കാൻ കഴിയുന്ന ഇതൊരു ക്വാസി ബാലിസ്റ്റിക് മിസൈൽ കൂടിയാണ്. ഇനേർഷ്യൽ നാവിഗേഷൻ സിസ്റ്റം, ജിപിഎസ് എന്നീ ഗതിനിർണയ സംവിധാനങ്ങൾ ഉപയോഗിച്ചാണ് ഇവ ലക്ഷ്യത്തിലെത്തുന്നത്.
സീ ബ്രേക്കർ മിസൈലാണെങ്കിൽ കപ്പലുകളെയും കരയിലെ ലക്ഷ്യങ്ങളെയും ഒരുപോലെ ആക്രമിക്കാൻ സഹായിക്കുന്നവയാണ്. 113 കിലോഗ്രാം ഭാരമുള്ള സ്ഫോടകവസ്തുക്കൾ വഹിച്ച് 300 കിലോമീറ്ററോളം ദൂരത്തിൽ ആക്രമണം ഇതിന് നടത്താൻ കഴിയും. ജിപിഎസ്, ഐഎൻഎസ് എന്നീ ഗതിനിർണയ സംവിധാനങ്ങൾ ഉപയോഗിച്ചാണ് സീ ബ്രേക്കർ ലക്ഷ്യം കണ്ടെത്തുന്നത്.
10 കിലോഗ്രാം ഭാരമുള്ള പോർമുന വഹിക്കാൻ കഴിയുന്ന റാംപേജ് യുദ്ധവിമാനങ്ങളിൽനിന്ന് വിക്ഷേപിക്കാവുന്ന ലോങ് റേഞ്ച് സൂപ്പർ സോണിക് ക്രൂയിസ് മിസൈലാണ് . ശബ്‌ദത്തേക്കാൾ 1.5 മടങ്ങിലധികമാണ് ഇവയുടെ വേഗം. പരമാവധി 250 കിലോ മീറ്ററാണ് പ്രഹരപരിധി. പാകിസ്‌താനിലെ സുക്കുർ വ്യോമതാവളം ആക്രമിക്കാൻ വ്യോമസേന ഈ മിസൈൽ ഉപയോഗിച്ചിരുന്നു. പാകിസ്‌താന്റെ ഡ്രോൺ കേന്ദ്രം തകർന്നത് ഈ മിസൈൽ ആക്രമണത്തിലാണ്.