ട്രംപിനെ സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് നാമനിർദ്ദേശം ചെയ്ത് ഇസ്രയേൽ

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് നാമനിർദ്ദേശം ചെയ്ത് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. നാമനിർദ്ദേശം ചെയ്‌ത കത്ത് വൈറ്റ് ഹൗസിൽ നടന്ന അത്താഴവിരുന്നിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് നെതന്യാഹു നേരിട്ട് നൽകി.

പലസ്തീനികൾക്ക് മെച്ചപ്പെട്ട ഭാവി വാഗ്ദാനം ചെയ്യുന്ന രാജ്യങ്ങൾ കണ്ടെത്താൻ അമേരിക്കയുമായി ചേർന്ന് പ്രവർത്തിക്കുകയാണ്. ഗസയിൽ നിന്നും ഒഴിയാൻ ആഗ്രഹിക്കുന്ന പലസ്തീനികൾക്ക് അതിനുള്ള അവസരമുണ്ടെന്നും നെതന്യാഹു പറഞ്ഞു. ഇസ്രയേലിന്റെ അയൽരാജ്യങ്ങൾ പലസ്തീനികളെ മാറ്റിപ്പാർപ്പിക്കുന്ന കാര്യത്തിൽ സഹകരിക്കുമെന്ന് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. വൈറ്റ് ഹൗസിൽ നെതന്യാഹു- ട്രംപ് കൂടിക്കാഴ്ചയ്ക്കു മുമ്പ് മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു ഇരു നേതാക്കളും.

ഇറാൻ ഇനി തങ്ങളുടെ ധൈര്യം പരീക്ഷിക്കാൻ മുതിരില്ലെന്നാണ് കരുതുന്നത്. അബ്രഹാം കരാറിന്റെ വ്യാപനത്തിനായുള്ള അവസരം ഇപ്പോഴുമുണ്ടെന്നും ഇറാനിൽ ഭരണമാറ്റം വേണമോ എന്നത് ഇറാനികൾ തീരുമാനിക്കട്ടെയെന്നും നെതന്യാഹു കൂട്ടിച്ചേർത്തു.

ഇറാൻ അമേരിക്കയുമായി കൂടിക്കാഴ്ച ആഗ്രഹിക്കുന്നുണ്ടെന്നും സമാധാനം ആഗ്രഹിക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു. ഇറാനുമായി കൂടുതൽ ചർച്ചകൾ പദ്ധതിയിട്ടിട്ടുണ്ട്. ഇറാനെ ഇനി ആക്രമിക്കേണ്ടി വരില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ട്രംപ് വ്യക്തമാക്കി. ഗസയിൽ സമാധാന ഉടമ്പടിയ്ക്കായുള്ള അവസരം സംജാതമായിരിക്കുന്നുവെന്ന് അമേരിക്കയുടെ പശ്ചിമേഷ്യൻ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് പറഞ്ഞു.

More Stories from this section

family-dental
witywide