
ജറുസലേം: ഇസ്രായേലിലെ അഷ്‌ഡോഡ് തുറമുഖത്ത് യുഎസ് അയച്ച MK-84 ബോംബുകൾ എത്തി. ഇസ്രായേലിന് 2000 പൗണ്ട് (900 കിലോ) ഭാരമുള്ള ബോംബുകൾ വിതരണം ചെയ്യുന്നതിനുള്ള താൽക്കാലിക വിലക്ക് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് നീക്കിയിരുന്നു. പിന്നാലെയാണ് വമ്പൻ ബോംബുകൾ യുഎസ് ഇസ്രയേലിലേക്ക് എത്തിയത്. കപ്പലുകളിൽ നിന്ന് വലിയ ട്രക്കുകളിലേക്ക് മാറ്റിയ ബോംബുകൾ സൈനിക വ്യോമതാവളങ്ങളിലേക്ക് കൊണ്ടുപോയി. ബൈഡൻ ഭരണകൂടമാണ് ഇസ്രായേലിന് 2,000 പൗണ്ട് ബോംബുകൾ വിതരണം ചെയ്യുന്നതിൽ വിലക്ക് ഏര്‍പ്പെടുത്തിയത്.
ബോംബുകൾ വ്യോമസേനയ്ക്കും ഇസ്രായേൽ പ്രതിരോധ സേനയ്ക്കും വളരെ പ്രധാനമാണെന്നും ഇസ്രായേലും അമേരിക്കയും തമ്മിലുള്ള ശക്തമായ സഖ്യത്തിന്‍റെ തെളിവാണ് ഈ സഹകരണമെന്നും ഇസ്രായേൽ പ്രതിരോധ മന്ത്രി കാറ്റ്സ് പറഞ്ഞു. കെട്ടിടങ്ങൾ, റെയിൽ യാർഡുകൾ, ആശയവിനിമയ ലൈനുകൾ തുടങ്ങി എന്തിനെയും നശിപ്പിക്കാൻ പോന്നതാണ് എംകെ-84 ബോംബുകൾ. വിയറ്റ്നാം യുദ്ധസമയത്താണ് അമേരിക്ക ഇത്തരം ബോംബുകൾ ഉൾപ്പെടുത്തിയത്.
ബോംബിന്റെ ഭാരത്തിന്റെ 40 ശതമാനം ഉയർന്ന സ്ഫോടക വസ്തുക്കളുടെ മിശ്രിതമാണ്. ബാക്കി ഭാഗം സ്റ്റീൽ കേസും. പൊട്ടിത്തെറിക്കുമ്പോൾ, MK-84 ബോംബിന്റെ സ്റ്റീൽ കേസിംഗ് മൂർച്ചയുള്ള കഷണങ്ങളായി തകരുകയും കനത്ത നാശനഷ്ടമുണ്ടാക്കുകയും ചെയ്യും. ഇറാഖിൽ ഈ ബോംബുകൾ ഉപയോഗിച്ച സമയം “ഹാമർ” എന്നാണ് സൈനികർ വിശേഷിപ്പിച്ചത്.















