
ടെൽ അവീവ്: ഇറാനിലെ ടെഹ്റാന്റെ വ്യോമാതിർത്തിയുടെ നിയന്ത്രണം ഏറ്റെടുത്തതായി ഇസ്രയേൽ. ഇറാൻ ഇനി മിസൈലുകൾ വിക്ഷേപിച്ചാൽ ടെഹ്റാൻ കത്തുമെന്നാണ് ഇസ്രയേൽ മുന്നറിയിപ്പ് നൽകിയെന്ന് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു. അതേസമയം ഇസ്രയേൽ അവകാശവാദത്തോട് ഇനിയും പ്രതികരിച്ചിട്ടില്ലാത്ത ഇറാൻ ഇസ്രായേൽ സഖ്യകക്ഷികളുടെ കപ്പലുകളും താവളങ്ങളും ആക്രമിച്ച് യുദ്ധം വ്യാപിപ്പിക്കുമെന്ന നിലപാടിലാണ്. ഇറാന്റെ സുപ്രധാന നേതാവിനേയും ആണവ വിദഗ്ധരേയും കൊലപ്പെടുത്തിയതിന് പിന്നാലെ സംഘർഷത്തിൽ മേൽക്കെ നേടിയതായാണ് ഇസ്രയേൽ നീരീക്ഷണമെന്നാണ് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നത്. ഇസ്രയേൽ ഇറാന്റെ ആണവ പദ്ധതികൾക്ക് പുറമേ മറ്റ് മേഖല ലക്ഷ്യമിടുമോയെന്നതിലും ഇനിയും വ്യക്തത വന്നിട്ടില്ലെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ അഭിപ്രായപ്പെടുന്നത്.
ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ് ഇനിയൊരു മിസൈൽ വിക്ഷേപിച്ചാൽ ടെഹ്റാൻ കത്തുമെന്ന് ഭീഷണിപ്പെടുത്തിയതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം. വെള്ളിയാഴ്ച രാവിലെ ഇറാൻ നടത്തിയ അപ്രതീക്ഷിത മിസൈൽ ആക്രമണത്തിന് പിന്നാലെയായിരുന്നു ഇത്. ടെൽ അവീവിലും റിഷോൺ ലെസിയോണിലും നടന്ന ഇറാൻ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടതായി ഇസ്രയേൽ സ്ഥിരീകരിച്ചിട്ടുണ്ട്. നൂറ് കണക്കിന് ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചുള്ള ആക്രമണത്തിൽ ഇസ്രയേൽ പ്രതിരോധ സംവിധാനങ്ങൾക്കും നഷ്ടമുണ്ടായതായാണ് റിപ്പോർട്ടുകൾ വിശദമാക്കുന്നത്.