
ഇസ്രയേലിന്റെ തലസ്ഥാനമായ ജറൂസലേമിന് പുറത്ത് ഏപ്രില്‍ 30 ബുധനാഴ്ച ആരംഭിച്ച വൻ കാട്ടുതീ ഇനിയും പൂർണമായും കെട്ടടങ്ങിയില്ല. ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിക്കാനും പ്രധാന ഹൈവേകള്‍ അടയ്ക്കാനും കാട്ടുതീ ഇടയാക്കി. ഇസ്രായേല്‍ “ദേശീയ അടിയന്തരാവസ്ഥ” പ്രഖ്യാപിച്ച് അന്താരാഷ്ട്ര സഹായം തേടിയിട്ടുണ്ട്. 13 പേർക്ക് പരിക്കേറ്റതായും, തീ “രാജ്യത്തെ ഏറ്റവും വലിയ കാട്ടുതീ” ആയി ഇസ്രയേല്‍ ഫയർ സർവീസ് വിശേഷിപ്പിച്ചതായും റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു.
ജറൂസലേമിന് 30 കിലോമീറ്റർ പടിഞ്ഞാറുള്ള വനപ്രദേശങ്ങളില്‍ ആരംഭിച്ച തീ, ശക്തമായ കാറ്റിന്റെ സഹായത്തോടെ വേഗത്തില്‍ പടരുകയായിരുന്നു. ജറൂസലേമിനെയും ടെല്‍ അവീവിനെയും ബന്ധിപ്പിക്കുന്ന പ്രധാന റൂട്ട് 1 ഹൈവേ അടച്ചിടേണ്ടി വന്നു. മെവോ ഹോറോൻ, ബെയ്റ്റ് ഷെമേഷ്, എഷ്ടാവോള്‍, മെസിലാത്ത് സിയോൻ തുടങ്ങിയ 10-ലധികം സമൂഹങ്ങള്‍ ഒഴിപ്പിച്ചു. 120-ലധികം ഫയർ ടീമുകളും 12 വിമാനങ്ങളും ഹെലികോപ്റ്ററുകളും തീ നിയന്ത്രിക്കാൻ ശ്രമിക്കുന്നുണ്ട്. ഇസ്രായേല്‍ പ്രതിരോധ സേന (IDF), പോലീസ്, ഹോം ഫ്രണ്ട് കമാൻഡ് എന്നിവയും രക്ഷാപ്രവർത്തനങ്ങളില്‍ പങ്കാളികളാണ്. ഗ്രീസ്, ബള്‍ഗേറിയ, ഇറ്റലി, ക്രൊയേഷ്യ, സൈപ്രസ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് അഗ്നിശമന സഹായം തേടിയിട്ടുണ്ട്.
ഇസ്രായേലിന്റെ 77-ാമത് സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ ഉള്‍പ്പെടെയുള്ള പരിപാടികള്‍ തീ മൂലം റദ്ദാക്കപ്പെട്ടു. മെമ്മോറിയല്‍ ഡേ ചടങ്ങുകളും തടസ്സപ്പെട്ടു. സ്കൂളുകള്‍, വൃദ്ധമന്ദിരങ്ങള്‍, ഹോളോകോസ്റ്റ് അതിജീവനക്കാർ താമസിക്കുന്ന സൗകര്യങ്ങള്‍ എന്നിവ ഒഴിപ്പിച്ചതായി മാഗെൻ ഡേവിഡ് അഡോം (MDA) റിപ്പോർട്ട് ചെയ്തു. ബാറ്റ് യാമിലെ ഒരു വൃദ്ധമന്ദിരത്തില്‍ നിന്ന് മൂന്ന് പേരെ രക്ഷപ്പെടുത്തി. പുക ശ്വസിച്ചതിനും പൊള്ളലേറ്റതിനും ഡസൻ കണക്കിന് ആളുകള്‍ക്ക് ചികിത്സ ആവശ്യമായെങ്കിലും ഗുരുതരമായ പരിക്കുകള്‍ റിപ്പോർട്ട് ചെയ്തിട്ടില്ല.