
വാഷിംഗ്ടൺ: ഇറാനെതിരായ യുദ്ധത്തെ കുറിച്ചുള്ള നിർണായക പരാമര്‍ശവുമായി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഇറാനെതിരായ യുദ്ധത്തിൽ ഇസ്രായേൽ ആയിരിക്കും നേതാവെന്നാണ് ട്രംപിന്‍റെ പ്രഖ്യാപനം. ആണവ പദ്ധതിയിൽ നിന്ന് പിന്മാറിയില്ലെങ്കിൽ ഇറാനെ ആക്രമിക്കുമെന്നാണ് ട്രംപിന്റെ ഭീഷണി. യുഎസ്-ഇറാനിയൻ ഉദ്യോഗസ്ഥരുടെ ചർച്ച നടക്കാനിരിക്കെയും ഭീഷണികൾ നിര്‍ത്താൻ ട്രംപ് തയാറായിട്ടില്ല.
ഇറാനെതിരെ നമുക്ക് സൈന്യം ആവശ്യമാണെങ്കിൽ സൈന്യം ഉണ്ടാകും. സൈനിക നീക്കത്തിൽ ഇസ്രായേലിന് പങ്കാളിത്തം ഉണ്ടാകും. അവരായിരിക്കും നേതാവെന്നും ട്രംപ് പറഞ്ഞു. ഇതിനിടെ ഇറാനുമായുള്ള പ്രശ്നങ്ങൾ തീർക്കാനായി യുഎസ് നടത്തുന്ന നയതന്ത്ര ശ്രമങ്ങൾക്ക് പിന്തുണ നൽകുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അറിയിച്ചിരുന്നു. ഇറാൻ ആണവായുധം നിർമിക്കരുതെന്നാണ് യുഎസിന്റേയും ഇസ്രായേലിന്റേയും നിലപാടെന്നും നെതന്യാഹു പറഞ്ഞു.
2015ൽ യുഎസും മറ്റ് ചില രാജ്യങ്ങളും ഇറാനും ചേർന്ന് ഒരു കരാർ ഉണ്ടാക്കിയിരുന്നു. സാമ്പത്തിക ഉപരോധങ്ങൾ പിൻവലിക്കുന്നതിന് പകരമായി ഇറാൻ യുറേനിയം സമ്പുഷ്ടീകരണം പരിമിതപ്പെടുത്തുമെന്നാണ് കരാറിലെ വ്യവസ്ഥ. എന്നാൽ, ഡോണൾഡ് ട്രംപ് ഏകപക്ഷീയമായി കരാറിൽ നിന്നും പിന്മാറുകയായിരുന്നു.