പലസ്തീനില്‍ വംശഹത്യയാണ് ഇസ്രയേല്‍ നടത്തുന്നതെന്ന പ്രിയങ്ക ഗാന്ധി എംപിയുടെ പോസ്റ്റിൽ അതിരൂക്ഷ മറുപടിയുമായി ഇസ്രയേല്‍ അംബാസിഡര്‍ റുവേന്‍ അസര്‍. ഗസ്സയില്‍ മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തിലായിരുന്നു പ്രിയങ്കയുടെ പ്രതികരണം. ഇതിനകം 60000 പലസ്തീനികളെ ഇസ്രയേൽ കൊന്നൊടുക്കിയെന്ന് കണക്കുകള്‍ ഉള്‍പ്പെടെ നിരത്തിയായിരുന്നു പ്രിയങ്കയുടെ എക്‌സ് പോസ്റ്റ്.
നിരവധി കുട്ടികളെ പട്ടിണിക്കിട്ടുവെന്നും ദശലക്ഷക്കണക്കിന് പലസ്തീനികള്‍ ഇപ്പോഴും പട്ടിണിമരണ ഭീഷണിയിലാണെന്നും പ്രിയങ്ക എക്‌സില്‍ എഴുതി. നിശബ്ദത പാലിച്ചും നിഷ്‌ക്രിയമായിരുന്നും ഈ ഹീന കൃത്യങ്ങള്‍ക്ക് വഴിയൊരുക്കുന്നതും ഒരു കുറ്റകൃത്യമാണ്. കേന്ദ്രസര്‍ക്കാര്‍ പ്രതികരണമറിയിക്കാതെ മൗനം പാലിക്കുകയാണെന്നും പ്രിയങ്ക എക്സ്പോസ്റ്റിലൂടെ വിമര്‍ശിച്ചു. പ്രിയങ്കയുടെ ഈ പോസ്റ്റ് പങ്കുവെച്ചാണ് റുവേന്‍ അസര്‍ രൂക്ഷമായി പ്രതികരിച്ചത്.
ആളുകള്‍ കൊല്ലപ്പെട്ടതില്‍ ഹമാസിന്റെ പങ്ക് കാണാതെയുള്ള പ്രിയങ്കയുടെ വിമര്‍ശനങ്ങള്‍ ലജ്ജാകരമായ വഞ്ചനയാണ്. ഇസ്രയേല്‍ 25000 ഹമാസ് ഭീകരരെയാണ് വധിച്ചിരിക്കുന്നത്. സാധാരണക്കാരെ കവചമാക്കി ഹമാസ് ഭീകരര്‍ ഒളിവില്‍ കഴിയുന്നത് വഴിയും അവരില്‍ നിന്ന് സഹായം സ്വീകരിക്കുകയും വഴിയാണ് സാധാരണക്കാരായ പലസ്തീനികള്‍ കൊല്ലപ്പെട്ടതെന്നും ഹമാസിന്റെ ഹീനമായ ഇത്തരം തന്ത്രങ്ങള്‍ മൂലമാണ് സാധാരണക്കാരായ പലസ്തീനികൾ മരണപ്പെട്ടതെന്നും റുവേന്‍ അസര്‍ പറഞ്ഞു.















