
ടെൽ അവീവ്: വെടിനിർത്തൽ കരാറിന്‍റെ രണ്ടാം ഘട്ട ചർച്ചകൾ നടക്കുന്നതിനിടെ, ഹമാസ് സ്വയം നിരായുധീകരിക്കാൻ വിസമ്മതിച്ചാൽ, ഇസ്രായേൽ സൈന്യം ആ ദൗത്യം ഏറ്റെടുക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഭീഷണിപ്പെടുത്തി. കഴിഞ്ഞ ആഴ്ച ഇസ്രായേലും ഹമാസും തമ്മിൽ പ്രാഥമിക വെടിനിർത്തലിനും ബന്ദികളെ വിട്ടയക്കുന്നതിനുമുള്ള കരാറിൽ എത്തിച്ചേർന്നപ്പോൾ താൻ സമാധാനത്തിന് ഒരവസരം നൽകാൻ സമ്മതിച്ചു എന്ന് നെതന്യാഹു വ്യക്തമാക്കി.
എന്നാൽ അദ്ദേഹം കൃത്യമായ മുന്നറിയിപ്പും നൽകി. “ഒന്നാമതായി, ഹമാസ് അവരുടെ ആയുധങ്ങൾ ഉപേക്ഷിക്കണം. രണ്ടാമതായി, ഗാസയ്ക്കുള്ളിൽ ആയുധ ഫാക്ടറികളില്ലെന്നും, ഗാസയിലേക്ക് ആയുധക്കടത്ത് നടക്കുന്നില്ലെന്നും നിങ്ങൾ ഉറപ്പാക്കണം. അതാണ് നിരായുധീകരണം.” ബുധനാഴ്ച സംപ്രേഷണം ചെയ്ത സിബിഎസ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
യുഎസ്, ഇസ്രായേൽ പിന്തുണയുണ്ടായിട്ടും, യുഎസ് തയ്യാറാക്കിയ സമാധാന പദ്ധതിയിൽ ഈ ആഴ്ച നിരവധി തർക്കവിഷയങ്ങൾ ഉടലെടുത്തിട്ടുണ്ട്. ഹമാസിന്‍റെ നിരായുധീകരണം, ഇസ്രായേൽ ഗാസയിൽ നിന്ന് പൂർണ്ണമായും പിൻവാങ്ങുമോ എന്നത്, നിർദ്ദിഷ്ട അന്താരാഷ്ട്ര സുരക്ഷാ സേന എങ്ങനെ പ്രവർത്തിക്കും, പലസ്തീൻ രാഷ്ട്രത്തിന് യുഎസ് അംഗീകാരം നൽകുമോ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു.