
ഗാസ സിറ്റി : അന്താരാഷ്ട്ര തലത്തില്‍ നിന്നുള്ള ആവര്‍ത്തിച്ചുള്ള അപലപനങ്ങള്‍ക്കിടയിലും ഗാസയെ പൂര്‍ണമായി നിയന്ത്രണത്തിലാക്കാന്‍ നീക്കം തുടങ്ങി ഇസ്രയേല്‍ സേന. ഗാസ നഗരത്തിന്റെ ഒരു ഭാഗത്ത് ബുധനാഴ്ച ഇസ്രായേലി ടാങ്കുകള്‍ നിലയുറപ്പിച്ചിരുന്നതിന്റെ ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തുവന്നു. ചൊവ്വാഴ്ച ഇസ്രായേല്‍ സൈന്യം കരസേനാ ആക്രമണം ആരംഭിച്ചതായി പ്രഖ്യാപിച്ചെങ്കിലും, ടാങ്കുകള്‍ ഇതുവരെ നഗരത്തിലേക്ക് പ്രവേശിച്ചിട്ടില്ലെന്നാണ് ദൃക്സാക്ഷികളും ഉപഗ്രഹ ചിത്രങ്ങളും വെളിപ്പെടുത്തുന്നത്.
അതേസമയം, ഐക്യരാഷ്ട്രസഭയടക്കമുള്ള അന്താരാഷ്ട്ര അപലപനത്തെ അവഗണിച്ച് ഇതിനകം തന്നെ ഗുരുതരമായ മാനുഷിക പ്രതിസന്ധിയെ കൂടുതല്‍ വഷളാക്കുന്ന തരത്തിലാണ് ഇസ്രയേല്‍ നീക്കം. ചൊവ്വാഴ്ച, ഇസ്രായേല്‍ വംശഹത്യ നടത്തിയതായി ഒരു സ്വതന്ത്ര യുഎന്‍ അന്വേഷണം ആദ്യമായി നിഗമനത്തിലെത്തി, എന്നാല്‍, ഇസ്രായേല്‍ അത് നിഷേധിച്ചു.
തെക്കന്‍ ഗാസയുടെ ഭൂരിഭാഗവും ഇതിനകം തന്നെ കുടിയിറക്കപ്പെട്ടവരാല്‍ നിറഞ്ഞിരിക്കുന്നതിനാല്‍, ഗാസ നഗരത്തില്‍ ഇപ്പോഴും എത്ര പേര്‍ അവശേഷിക്കുന്നുവെന്നോ വിട്ടുപോയവര്‍ എവിടേക്കാണ് പോകുന്നതെന്നോ വ്യക്തമല്ല.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഗാസയിലുടനീളം 98 പേര്‍ കൊല്ലപ്പെട്ടതായി പലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു, ഇതോടെ യുദ്ധം ആരംഭിച്ചതിനുശേഷം മരണസംഖ്യ 65,000-ത്തിലേക്കെത്തിയിരിക്കുകയാണ്. ഗാസയില്‍ കൊല്ലപ്പെട്ടവരില്‍ 70% പേരും സ്ത്രീകളും കുട്ടികളുമാണെന്നാണ് വിവരം.














