
ടെൽ അവീവ്: ഗാസയിലെ വെടിനിർത്തൽ കരാറിന്റെ ഭാഗമായി ഹമാസ് ചൊവ്വാഴ്ച കൈമാറിയ മൃതദേഹങ്ങളിൽ ഒന്ന് ബന്ദികളുടേതുമായി പൊരുത്തപ്പെടുന്നില്ലെന്ന് ഇസ്രായേൽ സൈന്യം. ദുർബലമായ വെടിനിർത്തൽ കരാറിന്റെ സമ്മർദ്ദം കുറയ്ക്കാൻ ഹമാസ് ചൊവ്വാഴ്ച നാല് മൃതദേഹങ്ങൾ കൈമാറിയിരുന്നു. തിങ്കളാഴ്ച 20 ജീവനുള്ള ബന്ദികളെ വിട്ടയച്ചതിന് ശേഷം ഈ നാല് മൃതദേഹങ്ങളും കൈമാറി. മൊത്തം 28 മരിച്ച ബന്ദികളുടെ മൃതദേഹങ്ങൾക്കായി ഇസ്രായേൽ കാത്തിരിക്കുകയാണ്.
ചൊവ്വാഴ്ച ലഭിച്ച മൃതദേഹങ്ങളിൽ ഒന്ന്, രാത്രി വൈകിയുള്ള ഫോറൻസിക് പരിശോധനയിൽ ബന്ദികളുമായി യോജിക്കുന്നില്ലെന്ന് മെഡിക്കൽ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചതായി ഇസ്രായേൽ സൈന്യം അറിയിച്ചു. മരിച്ച ബന്ദികളുടെ മൃതദേഹങ്ങൾ തിരികെ നൽകാൻ ഹമാസ് എല്ലാ ശ്രമങ്ങളും നടത്തണമെന്ന് ഇസ്രായേൽ സൈന്യം മുന്നറിയിപ്പ് നൽകി. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മധ്യസ്ഥതയിൽ രൂപപ്പെട്ട വെടിനിർത്തൽ കരാർ പ്രകാരം, തിങ്കളാഴ്ച മുതൽ ഹമാസ് 20 ജീവനുള്ള ഇസ്രായേൽ ബന്ദികളെയും എട്ട് മൃതദേഹങ്ങളും കൈമാറിയതായി എഎഫ്‌പി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ഇതിൽ ഒരു നേപ്പാളി പൗരൻ, ആറ് ഇസ്രായേലികൾ, തിരിച്ചറിയാത്ത ഒരു മൃതദേഹം എന്നിവ ഉൾപ്പെടുന്നു. കൂടാതെ, ഇസ്രായേൽ കൈമാറിയ 45 പലസ്തീനികളുടെ മൃതദേഹാവശിഷ്ടങ്ങൾ ഗാസയിലെ ആശുപത്രിയിൽ എത്തിയതായും റിപ്പോർട്ടുണ്ട്. മരിച്ച ബന്ദികളുടെ മൃതദേഹങ്ങൾ കൈമാറണമെന്ന കരാർ വ്യവസ്ഥകൾ ഹമാസ് പൂർണമായി പാലിക്കണമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ വിട്ടുവീഴ്ചയില്ല, അവസാന മൃതദേഹം തിരികെ ലഭിക്കുന്നതുവരെ ശ്രമങ്ങൾ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.