
ലോകത്തിലെ ഏറ്റവും ഉയര്‍ന്ന ആയുര്‍ദൈര്‍ഘ്യമുള്ള രാജ്യങ്ങളില്‍ ഒന്നാണ് ജപ്പാന്‍. പ്പാനിലെ ശരാശരി ആയുര്‍ദൈര്‍ഘ്യം ഏകദേശം 84 വയസുവരെയാണ്. ജപ്പാനിലെ സ്ത്രീകളുടെ ശരാശരി ആയുര്‍ദൈര്‍ഘ്യം 88 വയസുവരെയാണ്. നടത്തത്തെ കൂടുതല്‍ ഫലപ്രദമാക്കാന്‍ ഒരു ജാപ്പനീസ് പ്രൊഫസര്‍ കണ്ടെത്തിയ വഴി
ഇപ്പോള്‍ ജപ്പാനില്‍ മാത്രമല്ല, ലോകമെമ്പാടും പ്രചാരം നേടുകയാണ്.
ആരോഗ്യത്തിന് വ്യായാമം എന്നത് ജീവന് പ്രാണവായു പോലെ പ്രധാനമാണ്. കഴിയുന്ന അത്രയും ദൂരം ദിവസേന ഒരു നേരമെങ്കിലും നടക്കുന്നത് ആരോഗ്യകരമായ ജീവിത ശൈലിയുടെ ഭാഗമാണ്. എന്നാല്‍ ഈ നടത്തത്തെ അല്പം വ്യത്യാസപ്പെടുത്തിയാല്‍ ഗുണങ്ങള്‍ ഏറെയുണ്ടെന്നാണ് ജാപ്പനീസ് പ്രൊഫസര്‍ പറയുന്നത്. വെറും വാക്കല്ല, 10 വര്‍ഷത്തെ ഗവേഷണങ്ങളിലൂടെയാണ് അദ്ദേഹം ഈയൊരു കണ്ടെത്തല്‍ നടത്തിയത്.
‘ജാപ്പനീസ് ഇന്റര്‍വെല്‍ വോക്കിങ്’ അഥവാ ഇടവേള നടത്തമെന്നാണ് ഈ രീതി അറിയപ്പെടുന്നത്. 3 മിനിറ്റ് വേഗത്തിലും, അടുത്ത 3 മിനിറ്റ് പതിയെയും മാറി മാറി അരമണിക്കൂര്‍ നടക്കണം. ഇത് ഹൃദയമിടിപ്പ് നിയന്ത്രിക്കാനും ശരീരത്തിനും മനസ്സിനും ഒരുപോലെ ഗുണം ചെയ്യാനും സഹായിക്കുന്നു. മാത്രമല്ല, ജിമ്മിൽ പോയി പണം പാഴാക്കേണ്ട. ഒരു എക്യുപ്മെൻ്റ്സും വേണ്ട. ചെറിയ ഒരു സ്ഥലത്ത് ഈ വ്യായാമം ചെയ്യാം.

ജാപ്പനീസ് ഇന്റര്‍വെല്‍ വോക്കിങ്’ എങ്ങനെ കൃത്യമായി ചെയ്യാം
ആദ്യം 5-10 മിനിറ്റ് നേരിയ വ്യായാമങ്ങളിലൂടെ ഒന്ന് വാം അപ്പ് ആകുക. എന്നിട്ട് നടത്തം ആരംഭിക്കുക. 2-3 മിനിറ്റ് വേഗത്തില്‍ നടക്കുക. ഇത് നിങ്ങളുടെ ഹൃദയമിടിപ്പ് ഗണ്യമായി വര്‍ദ്ധിപ്പിക്കുന്ന വേഗതയിലായിരിക്കണം. തുടര്‍ന്ന്, 2-3 മിനിറ്റ് സാവധാനം നടക്കുക, ഇത് ഹൃദയമിടിപ്പ് കുറയ്ക്കാന്‍ സഹായിക്കും. ഈ രീതിയില്‍ 20-30 മിനിറ്റ് സമയം വരെ നടക്കാം. നടത്തം അവസാനിപ്പിച്ചാല്‍ 5-10 മിനിറ്റ് ലഘുവായ വ്യായാമങ്ങളോ സ്‌ട്രെച്ചിംഗോ ചെയ്ത് ഹൃദയമിടിപ്പ് സാധാരണ നിലയിലേക്ക് കൊണ്ടുവരിക.
ജാപ്പനീസ് ഇന്റര്‍വെല്‍ വോക്കിങിലൂടെ, ഒരേ വേഗത്തില്‍ നടക്കുന്നതിനേക്കാള്‍ കൂടുതല്‍ ഊര്‍ജ്ജം , അഥവാ കലോറി കത്തിക്കാന്‍ സഹായിക്കും. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും പരീക്ഷിക്കാവുന്ന ഒന്നാണിത്. വ്യായാമം ശരീരത്തിലെ ദഹനപ്രവര്‍ത്തനം അഥവാ മെറ്റബോളിസം കൂട്ടുകയും മെച്ചപ്പെട്ട രക്തസമ്മര്‍ദ്ദം, പക്ഷാഘാത സാധ്യത കുറയ്ക്കല്‍, നല്ല മാനസികാവസ്ഥ, പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കല്‍, മികച്ച ഉറക്കം എന്നിവയുള്‍പ്പെടെ നിരവധി ആരോഗ്യ ഗുണങ്ങള്‍ നല്‍കും. ഇടവേളകളോടെ വേഗത കൂട്ടിയും കുറച്ചും ചെയ്യുന്നു എന്നതാണ് ഈ രീതിയെ വേറിട്ടു നിര്‍ത്തുന്നത്. ശരീരത്തില്‍ മാരകമായ സമ്മര്‍ദ്ദം ചെലുത്താന്‍ മാത്രം തീവ്രമല്ല, മറിച്ച് ഹൃദയം, ശ്വാസകോശം, ഏറ്റവും പ്രധാനമായി തലച്ചോറ് എന്നിവയെ ഉത്തേജിപ്പിക്കാനുമാകും.
ആഴ്ചയില്‍ കൂടുതല്‍ ഈ നടത്ത രീതി പിന്തുടര്‍ന്ന ആളുകളില്‍ ഷോര്‍ട്ട് ടേം മെമ്മറി വര്‍ധിച്ചതായി പഠനങ്ങള്‍ പറയുന്നു. നടത്തത്തിന് വേഗത കൂട്ടുമ്പോള്‍ ഹൃദയമിടിപ്പ് ഉയരുന്നു. അത് തലച്ചോറിന്റെ മെമ്മറി ഹബ്ബായ ഹിപ്പോകാമ്പസിലേക്ക് കൂടുതല്‍ ഓക്‌സിജനും പോഷകങ്ങളും പമ്പ് ചെയ്യുന്നു. കാലക്രമേണ, ഇത് ശക്തമായ ന്യൂറല്‍ കണക്ഷനുകളെ സഹായിക്കുകയും തലച്ചോറിനെ കൃത്യമായി നിലനിര്‍ത്താനും നന്നായി ഓര്‍മ്മിക്കാനും സഹായിക്കുമെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു.