
മിസിസിപ്പി: തന്‍റെ ഭാര്യയും ഹിന്ദുമത വിശ്വാസിയുമായ ഉഷ വാൻസ് ഒരു ദിവസം ക്രിസ്ത്യൻ വിശ്വാസത്തിലേക്ക് എത്തുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്ന് യുഎസ് വൈസ് പ്രസിഡന്‍റ് ജെ ഡി വാൻസ്. അതേസമയം, തങ്ങളുടെ മിശ്രവിവാഹം പരസ്പര ബഹുമാനത്തിലും ധാരണയിലുമാണ് കെട്ടിപ്പടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി. കൗതുകകരമെന്നു പറയട്ടെ, അജ്ഞേയതാവാദിയായിരുന്ന ജെ ഡി വാൻസിനെ ക്രിസ്ത്യൻ വിശ്വാസത്തിലേക്ക് എത്താൻ സഹായിച്ചത് ഭാര്യ ഉഷയായിരുന്നു.
സെപ്റ്റംബറിൽ കൊല്ലപ്പെട്ട രാഷ്ട്രീയ പ്രവർത്തകൻ ചാർലി കിർക്കിനെ ആദരിക്കുന്നതിനായി മിസിസിപ്പി സർവകലാശാലയിൽ ബുധനാഴ്ച രാത്രി നടന്ന ചടങ്ങിൽ സംസാരിക്കവെയാണ് വാൻസ് തന്‍റെ ആത്മീയ യാത്രയെക്കുറിച്ചും അത് കുടുംബ ജീവിതത്തെ എങ്ങനെ രൂപപ്പെടുത്തി എന്നതിനെക്കുറിച്ചും സംസാരിച്ചത്.
ക്രിസ്ത്യൻ അല്ലാത്തവനും അജ്ഞേയതാവാദിയുമായിരുന്ന വാൻസ് യേൽ ലോ സ്കൂളിൽ വെച്ചാണ് ഉഷയെ കണ്ടുമുട്ടുന്നത്. തങ്ങളുടെ മൂന്ന് മക്കളെ ക്രിസ്ത്യൻ വിശ്വാസത്തിൽ വളർത്താൻ ഈ ദമ്പതികൾ തീരുമാനിച്ചു.















