
വാഷിംഗ്ടൺ: അജ്ഞാത പറക്കും വസ്തുക്കളിൽ (UAPs) തനിക്ക് വർദ്ധിച്ചുവരുന്ന താൽപ്പര്യമുണ്ടെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് അടുത്തിടെ റൂത്ത്‌ലെസ് പോഡ്കാസ്റ്റിൽ തുറന്നുപറഞ്ഞു. “ഈ UFO കാര്യങ്ങളിൽ ഞാൻ മുഴുകിയിരിക്കുകയാണ്. യഥാർത്ഥത്തിൽ എന്താണ് നടക്കുന്നത്? ആ വീഡിയോകളെല്ലാം എന്തിനെക്കുറിച്ചായിരുന്നു?” എന്ന് വാൻസ് തുറന്നുസമ്മതിച്ചു. ഇതുവരെ കാര്യമായ വിവരങ്ങളൊന്നും കണ്ടെത്താനായില്ലെങ്കിലും, വരാനിരിക്കുന്ന ഓഗസ്റ്റ് മാസത്തിലെ കോൺഗ്രസ് അവധിക്ക് ഈ വിഷയം കൂടുതൽ അന്വേഷിക്കാൻ താൻ ഉദ്ദേശിക്കുന്നതായും അദ്ദേഹം സൂചിപ്പിച്ചു.
രഹസ്യമായ ഏരിയ 51 ബേസിനെക്കുറിച്ച് സത്യം കണ്ടെത്തിക്കഴിഞ്ഞാൽ, പോഡ്കാസ്റ്റ് അവതാരകരെ അവിടേക്ക് കൊണ്ടുപോകാമെന്ന് വാൻസ് തമാശയായി പറഞ്ഞതായും ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ഏത് വീഡിയോകളാണ് തനിക്ക് താൽപ്പര്യമുണ്ടാക്കിയതെന്ന് വൈസ് പ്രസിഡന്‍റ് വിശദീകരിച്ചില്ല. എന്നാൽ കഴിഞ്ഞ വർഷം വിചിത്രമായ ആകാശ കാഴ്ചകളുമായി ബന്ധപ്പെട്ട് നിരവധി വാർത്തകളും വൈറൽ വീഡിയോകളും ശ്രദ്ധ നേടിയിരുന്നു. കഴിഞ്ഞ നവംബറിൽ, ഹൗസ് ഓവർസൈറ്റ് കമ്മിറ്റി UAP-കളെക്കുറിച്ച് ഒരു പ്രധാന ഹിയറിംഗ് നടത്തിയിരുന്നു. വിശദീകരിക്കാനാകാത്ത പ്രതിഭാസങ്ങളെക്കുറിച്ചുള്ള പെന്റഗണിന്റെ അന്വേഷണത്തിൽ സുതാര്യത കൈവരിക്കാനാണ് ഈ ഹിയറിംഗ് ലക്ഷ്യമിട്ടത്.