
മൂന്നാർ:തേയിലത്തോട്ടങ്ങൾക്കിടയിലൂടെയുള്ള അരിക്കൊമ്പനെ കൊണ്ടുപോയ ആ കിടിലൻ റോഡ് യാത്ര ആരും മറക്കാനിടയില്ല. പ്രകൃതി കനിഞ്ഞിറങ്ങിയ ആ നയന മനോഹരിതയിൽ ഇപ്രാവശ്യം നീങ്ങിയത് 238 ഓഫ് റോഡ് ജീപ്പുകൾ. അതേ ദേശീയപാതയിലൂടെ നിരനിരയായി. എന്നാൽ അതൊരു ഓഫ് റോഡ് ജീപ്പുകളുടെ റോഡ് ഷോ ആയിരുന്നില്ല. മോട്ടോർവാഹന വകുപ്പിന്റെ പരിശോധനയ്ക്ക് കൊളുക്കുമലയിലേക്ക് സഞ്ചാരികളെ കൊണ്ടുപോകുന്ന ജീപ്പുകളെത്തിയതാണ്.
പെരിയക്കനാൽ വെള്ളച്ചാട്ടത്തിന് സമീപം നടന്ന പരിശോധനയിൽ ഡ്രൈവർമാരുടെ ലൈസൻസ്, പോലീസ് ക്ലിയറൻസ് തുടങ്ങിയവയും ഉദ്യോഗസ്ഥർ പരിശോധിച്ചു. പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ കൊളുക്കുമലയിലേക്ക് ഓഫ്റോഡ് ജീപ്പുകൾ സർവീസ് നടത്തുന്നത്. സൂര്യനെല്ലിയിൽനിന്നാണ് യാത്ര ആരംഭിക്കുക. ഏഴ് കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം. ദിവസേന പുലർച്ചെ നാലുമുതൽ ജീപ്പുകൾ സർവീസ് ആരംഭിക്കും. മലമുകളിൽനിന്നുള്ള സൂര്യോദയം കാണാനാണ് പ്രധാനമായും സഞ്ചാരികൾ ഇവിടെ എത്തുന്നത്.