
വാഷിംഗ്ടൺ: അമേരിക്കയിലെ കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റൈൻ ശക്തരായ വ്യക്തികളെ ഭീഷണിപ്പെടുത്തുന്നതിനായി ഒരു ക്ലയിന്‍റ് ലിസ്റ്റ് സൂക്ഷിച്ചിരുന്നില്ലെന്ന് അന്വേഷണ ഏജൻസികൾ. യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ കീഴിലുള്ള നീതിന്യായ വകുപ്പും (DOJ) ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനും (FBI) ജെഫ്രി എപ്‌സ്റ്റൈന്‍റെ മരണത്തെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ടിൽ ഇത് വ്യക്തമാക്കിയതായാണ് സൂചന. നിരവധി ഗൂഢാലോചന സിദ്ധാന്തങ്ങൾക്ക് വഴിവെച്ച 2019-ലെ എപ്‌സ്റ്റൈന്റെ മരണം കൊലപാതകമായിരുന്നില്ലെന്നും ആക്സിയോസ് റിപ്പോർട്ട് ചെയ്തു.
എപ്‌സ്റ്റൈൻ കേസുമായി ബന്ധപ്പെട്ട് ആർക്കെതിരെയും കൂടുതൽ കുറ്റങ്ങൾ ചുമത്തില്ലെന്നാണ് വിവരം. എപ്‌സ്റ്റൈന്‍റെ മുൻ കാമുകിയും സഹായിയും ബ്രിട്ടീഷ് സാമൂഹിക പ്രവർത്തകയുമായ ഗിസ്ലൈൻ മാക്സ്വെൽ കുട്ടികളെ ലൈംഗികമായി കടത്തിയതുൾപ്പെടെയുള്ള കുറ്റങ്ങൾക്ക് നിലവിൽ 20 വർഷത്തെ തടവ് ശിക്ഷ അനുഭവിക്കുകയാണ്.
പ്രസിഡന്‍റുമായുള്ള പരസ്യമായ തർക്കത്തിന് ശേഷം, ടെക് ശതകോടീശ്വരൻ ഇലോൺ മസ്ക്, ഡോണൾഡ് ട്രംപിനെ എപ്‌സ്റ്റൈനുമായി ബന്ധപ്പെടുത്തി ഒരു എക്സ് പോസ്റ്റ് ഇട്ടിരുന്നു. എന്നാൽ, പിന്നീട് ഈ ആരോപണം താൻ കൂടുതൽ കടന്നുപോയി എന്ന് പറഞ്ഞ് അദ്ദേഹം ഡിലീറ്റ് ചെയ്യുകയായിരുന്നു.
എന്നാൽ, ട്രംപിന്‍റെ പേര് എപ്‌സ്റ്റൈൻ ഫയലുകളിൽ ഉൾപ്പെട്ടതിനെക്കുറിച്ചുള്ള ചോദ്യങ്ങൾ നിലനിൽക്കുന്നുണ്ട്. പ്രസിഡന്‍റും ലൈംഗിക കുറ്റവാളിയായിരുന്ന എപ്‌സ്റ്റൈനും 1990-കളിൽ ഒരേ പാർട്ടികളിൽ പങ്കെടുത്തിരുന്ന സുഹൃത്തുക്കളും അയൽവാസികളുമായിരുന്നു. 2017ലെ ഒരു അഭിമുഖത്തിൽ, താൻ ഡോണൾഡ് ട്രംപിന്‍റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു എന്ന് എപ്‌സ്റ്റൈൻ അവകാശപ്പെട്ടിരുന്നു. എന്നാൽ, 2019ൽ ട്രംപ് താൻ 15 വർഷമായി ജെഫ്രിയോട് സംസാരിച്ചിട്ടില്ലെന്നും 2000-കളുടെ തുടക്കത്തിൽ എപ്‌സ്റ്റൈനെ തന്‍റെ ഗോൾഫ് റിസോർട്ടുകളിൽ നിന്ന് വിലക്കിയിരുന്നതായും അദ്ദേഹം അവകാശപ്പെട്ടു.














