
ജെനിൻ: ഗാസ വെടിനിർത്തൽ കരാറിന്റെ ഒന്നാം ഘട്ടം പൂർത്തിയാകാനിരിക്കെ വെസ്റ്റ് ബാങ്കിലെ ജെനിൻ അഭയാർഥി ക്യാമ്പ് തകർത്ത് ഇസ്രായേൽ. 40,000ത്തോളം പേർ ഇതിനകം ജെനിൻ, തുൽകറേം അഭയാർഥി ക്യാമ്പുകളിൽനിന്ന് പലായനം ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. വെടിനിർത്തൽ കരാർ നിലവിൽ വന്നതിന് ശേഷം വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ സൈന്യം കടുത്ത ആക്രമണം തുടങ്ങുകയായിരുന്നു.
ഗാസയ്ക്ക് സമാനമായ രീതിയിൽ അഭയാർഥികളെ കൂട്ടമായി ഒഴിപ്പിച്ച് വർഷങ്ങളോളം സൈനിക സാന്നിധ്യം ഉറപ്പിക്കാനാണ് ഇസ്രായേൽ ലക്ഷ്യമിടുന്നത്. 1948ൽ ഇസ്രായേൽ സ്ഥാപിതമായപ്പോൾ സ്വന്തം വീടുകളിൽനിന്ന് കുടിയൊഴിപ്പിക്കപ്പെട്ടവരാണ് ജെനിൻ അഭയാർഥി ക്യാമ്പിൽ കഴിയുന്നവർ.
ആഴ്ചകൾ നീണ്ട ആക്രമണത്തിലൂടെ പലസ്തീനിലെ ഏറ്റവും വലിയ അഭയാർഥി ക്യാമ്പായ ജബലിയ ഒഴിപ്പിച്ചത് ജെനിനിലും ഇസ്രായേൽ ആവർത്തിക്കുകയാണെന്ന് ജെനിൻ മുനിസിപ്പാലിറ്റി വക്താവ് ബഷീർ മതാഹീൻ പറഞ്ഞു. ജെനിൻ അഭയാർഥി ക്യാമ്പ് ഇപ്പോൾ വാസയോഗ്യമല്ലാതായി മാറിയിരിക്കുകയാണ്. 12 ബുൾഡോസറുകൾ ഉപയോഗിച്ചാണ് ഈ ക്യാമ്പിലെ വീടുകളും അടിസ്ഥാന സൗകര്യങ്ങളും സൈന്യം തകർക്കുന്നത്