
വാഷിംഗ്ടൺ: പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ഭരണകൂടം മാധ്യമപ്രവർത്തനത്തിന് ഏർപ്പെടുത്തിയ പുതിയ നിയന്ത്രണങ്ങൾ അംഗീകരിക്കാൻ വിസമ്മതിച്ച് പെന്‍റഗണിൽ ഡസൻ കണക്കിന് മാധ്യമപ്രവർത്തകർ തങ്ങളുടെ പ്രവേശന ബാഡ്ജുകൾ തിരികെ നൽകി. ഇതോടെ, അമേരിക്കൻ സൈന്യത്തെ കവർ ചെയ്യുന്ന പത്രപ്രവർത്തകർ സൈനിക ശക്തിയുടെ കേന്ദ്രത്തിൽ നിന്ന് കൂടുതൽ അകന്നു. പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് ചുമത്തിയ പുതിയ നിയമങ്ങൾ വാർത്താ ഏജൻസികൾ ഏകകണ്ഠമായി തള്ളി.
ഹെഗ്സെത്ത് പുറത്തുവിടാൻ അനുമതി നൽകാത്ത വിവരങ്ങൾ റിപ്പോർട്ട് ചെയ്യാൻ ശ്രമിച്ചാൽ മാധ്യമപ്രവർത്തകർക്ക് പുറത്താക്കൽ ഭീഷണി നേരിടേണ്ടിവരുന്നതായിരുന്നു പുതിയ നിയമം. ഈ പുതിയ നിയമങ്ങൾ വളരെ തടസമുണ്ടാക്കുന്ന മാധ്യമങ്ങളെ നിയന്ത്രിക്കാൻ സഹായിക്കുന്ന സാമാന്യബുദ്ധിക്ക് ചേർന്നതാണ് എന്നാണ് രാജ്യത്തെ നേതൃത്വം വിശേഷിപ്പിച്ചത്. പുതിയ നിയമങ്ങൾ പ്രായോഗികമായി എന്ത് ഫലമുണ്ടാക്കുമെന്ന് വ്യക്തമല്ലെങ്കിലും, ഏത് സാഹചര്യത്തിലും സൈന്യത്തെക്കുറിച്ച് ശക്തമായ കവറേജ് തുടരുമെന്ന് വാർത്താ സ്ഥാപനങ്ങൾ പ്രഖ്യാപിച്ചു.