
വാഷിംഗ്‌ടൺ : ഹാർവാർഡ് സർവകലാശാലയിലെ വിദേശ വിദ്യാർത്ഥികളുടെ പ്രവേശനം നിരോധിച്ചുള്ള ട്രംപിന്‍റെ ഉത്തരവ് തടഞ്ഞ് ഫെഡറൽ ജഡ്ജി. വ്യാഴാഴ്ച രാത്രി വൈകി, മസാച്ചുസെറ്റ്സിലെ യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജി ആലിസൺ ബറോസ് ആണ് ഈ പുതിയ നടപടി തടഞ്ഞത്. സര്‍വകലാശാലയ്ക്കും വിദ്യാർത്ഥികൾക്കും പരിഹരിക്കാനാവാത്ത ദോഷം വരുത്തുന്നതാണ് ഈ തീരുമാനമെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഹാർവാർഡിന്‍റെ വിദ്യാർത്ഥി സമൂഹത്തിൽ ഏകദേശം കാൽ ഭാഗത്തോളം വരുന്ന അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് ഐവി ലീഗ് സ്കൂളിലേക്കുള്ള പ്രവേശനം നിരോധിക്കാനുള്ള ട്രംപിന്‍റെ ഏറ്റവും പുതിയ നീക്കമായിരുന്നു ഉത്തരവ്. ഇത് സർവകലാശാലയുമായി ഭരണകൂടത്തിന്‍റെ നിലവിലുള്ള സംഘർഷം കൂടുതൽ വഷളാക്കിയിരുന്നു. ഹാർവാർഡിന് മാത്രമായി ബാധകമായ ഈ ഉത്തരവ് (മറ്റ് യുഎസ് സ്ഥാപനങ്ങൾക്ക് ബാധകമല്ല), സർവകലാശാലയിലേക്കുള്ള എല്ലാ പുതിയ എഫ്, എം, ജെ വിസ പ്രവേശനങ്ങളും തടയുകയും നിലവിൽ പ്രവേശനം നേടിയവരുടെ വിദ്യാർത്ഥി വിസകൾ അവലോകനം ചെയ്യാനും ആവശ്യമെങ്കിൽ റദ്ദാക്കാനും സ്റ്റേറ്റ് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയിട്ടുമുള്ളതായിരുന്നു.