
ലോസ് ഏഞ്ചൽസ്: വംശം, സംസാരിക്കുന്ന ഭാഷ, അല്ലെങ്കിൽ തൊഴിൽ എന്നിവയുടെ മാത്രം അടിസ്ഥാനത്തിൽ കുടിയേറ്റക്കാരെ തടങ്കലിൽ വെക്കുന്നത് നിരോധിച്ച് ഫെഡറൽ കോടതി. ജഡ്ജി മാമെ എവുസി മെൻസ ഫ്രിംപോങ് ആണ് ഈ നിർണായക ഉത്തരവിട്ടത്. ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി (DHS) ലോസ് ഏഞ്ചൽസിലെ കുടിയേറ്റ റെയ്ഡുകളിൽ മതിയായ കാരണം കൂടാതെ ആളുകളെ തടയുകയും അറസ്റ്റ് ചെയ്യുകയും ചെയ്യുന്നുവെന്ന് കോടതി കണ്ടെത്തി.
മുൻ പ്രസിഡന്‍റ് ജോ ബൈഡൻ നിയമിച്ച ജഡ്ജി ഫ്രിംപോങ്, ഒരു വ്യക്തിയുടെ വംശം, സംസാരിക്കുന്ന ഭാഷ അല്ലെങ്കിൽ ഉച്ചാരണം, അല്ലെങ്കിൽ ചെയ്യുന്ന ജോലിയുടെ തരം എന്നിവയല്ലാതെ ന്യായമായ സംശയം നിർണ്ണയിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ഉദ്യോഗസ്ഥർക്കായി DHS വികസിപ്പിക്കണമെന്ന് ഉത്തരവിട്ടു. യുഎസ് സെൻട്രൽ ഡിസ്ട്രിക്റ്റ് ഓഫ് കാലിഫോർണിയയുടെ ഏഴ് കൗണ്ടി അധികാരപരിധിയിൽ മാത്രമാണ് ഈ വിധിക്ക് പ്രാബല്യമുള്ളത്. ലോസ് ഏഞ്ചൽസും സമീപ പ്രദേശങ്ങളും ഇതിൽ ഉൾപ്പെടുന്നു.
ട്രംപ് ഭരണകൂടം ന്യായമായ സംശയമില്ലാതെ റോന്ത് ചുറ്റുകയും അഭിഭാഷകരെ സമീപിക്കാനുള്ള അവകാശം നിഷേധിക്കുകയും ചെയ്യുന്നുവെന്ന് പരാതിക്കാർക്ക് തെളിയിക്കാൻ കഴിയുമോ എന്ന് കോടതിക്ക് തീരുമാനിക്കണമെന്നും ഫ്രിംപോങ് തന്‍റെ വിധിയിൽ പറഞ്ഞു.