
വാഷിംഗ്ടൺ: നാടുകടത്തൽ കേസുകളിൽ ഉൾപ്പെട്ട മാനസിക വെല്ലുവിളി നേരിടുന്നവർക്ക് അഭിഭാഷകരെ നിയമിക്കുന്നതിനുള്ള പദ്ധതി പുനഃസ്ഥാപിക്കാൻ ട്രംപ് ഭരണകൂടത്തോട് ഫെഡറൽ ഡിസ്ട്രിക്റ്റ് ജഡ്ജി ഉത്തരവിട്ടു. ജൂലൈ 21ന് പുറപ്പെടുവിച്ച വിധിയിൽ, യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജി അമീർ അലി, ഈ പദ്ധതി ഏപ്രിലിൽ പെട്ടെന്ന് അവസാനിപ്പിച്ചത് നികത്താനാവാത്ത ദോഷം വരുത്തിയെന്ന് വ്യക്തമാക്കി.
നീതിന്യായ വ്യവസ്ഥയുടെ നടത്തിപ്പിനും, ദുർബലരായ വിഭാഗത്തെ ബാധിക്കുന്നതിനും നടന്നുകൊണ്ടിരിക്കുന്ന നിയമപ്രതിനിധീകരണങ്ങൾ തടസ്സപ്പെടുന്നതിനും ഇത് വരുത്തിവെച്ച പ്രത്യാഘാതങ്ങൾ പരിഗണിക്കാതെയാണ് ഈ നടപടി സ്വീകരിച്ചതെന്ന് അലിയുടെ വിധിയിൽ പറയുന്നു. 12 ദശലക്ഷം ഡോളറിന്‍റെ ഈ പദ്ധതിക്ക് പെട്ടെന്നുണ്ടായ ബജറ്റ് വെട്ടിക്കുറവ് നേരത്തെ വലിയ വാർത്തയായി മാറിയിരുന്നു. ഇത് 289 തടവുകാരെ, അവരുടെ കേസുകൾ സജീവമായിരിക്കെ അഭിഭാഷകരില്ലാതെയാക്കിയിരുന്നു.