
ന്യൂയോർക്ക്: ലൈംഗിക കുറ്റവാളിയായിരുന്ന ജെഫ്രി എപ്‌സ്റ്റീന്‍റെ കൂട്ടാളി ഗിസ്ലൈൻ മാക്സ്‌വെല്ലിന്‍റെ അന്വേഷണ, ക്രിമിനൽ പ്രോസിക്യൂഷൻ രേഖകൾ പുറത്തുവിടാനുള്ള യുഎസ് നീതിന്യായ വകുപ്പിന്‍റെ അപേക്ഷ ന്യൂയോർക്കിലെ ഫെഡറൽ ജഡ്ജി പോൾ എംഗൽമേയർ ചൊവ്വാഴ്ച അംഗീകരിച്ചു. ഈ വിധിയിലൂടെ, മാക്സ്‌വെല്ലിനെതിരെ നീതിന്യായ വകുപ്പ് ശേഖരിച്ച തെളിവുകൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കാൻ വഴിയൊരുങ്ങി.
അതിജീവിതരുടെ ഐഡൻ്റിറ്റികളും മറ്റ് തിരിച്ചറിയാൻ കഴിയുന്ന വിവരങ്ങളും സംരക്ഷിക്കുന്നതിനായി രേഖകൾ എഡിറ്റ് ചെയ്ത ശേഷമായിരിക്കും പുറത്തുവിടുക. ഗ്രാൻഡ് ജൂറി ട്രാൻസ്‌ക്രിപ്റ്റുകൾ, സാമ്പത്തിക രേഖകൾ, യാത്രാ രേഖകൾ, അന്വേഷണ വേളയിൽ ശേഖരിച്ച അതിജീവിതരുടെ അഭിമുഖ കുറിപ്പുകൾ എന്നിവയായിരിക്കും പുറത്ത് വിടുക.
നീതിന്യായ വകുപ്പ് എപ്പോഴാണ് ഈ രേഖകൾ പരസ്യപ്പെടുത്താൻ ഉദ്ദേശിക്കുന്നതെന്നോ, ഈ വിവരങ്ങളിൽ എത്രത്തോളം പുതിയതായി ഉണ്ടാകുമെന്നോ വ്യക്തമല്ല. മാക്‌സ്‌വെല്ലിന്‍റെ വിചാരണ വേളയിൽ ചില തെളിവുകൾ നേരത്തെ പുറത്തുവന്നിരുന്നു. കൂടാതെ, കോൺഗ്രസും സമീപ ആഴ്ചകളിൽ ഈ കേസുമായി ബന്ധപ്പെട്ട നിരവധി രേഖകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.















