
പോർട്ട്‌ലാൻഡ് (ഒറിഗോൺ): പോർട്ട്‌ലാൻഡ് നഗരത്തെ യുദ്ധം തകർത്ത നഗരം എന്ന് വിശേഷിപ്പിച്ച് നാഷണൽ ഗാർഡ് സൈന്യത്തെ വിന്യസിക്കാനുള്ള പ്രസിഡന്‍റ് ട്രംപ് ഭരണകൂടത്തിന്‍റെ നീക്കം ഫെഡറൽ ജഡ്ജി താൽക്കാലികമായി തടഞ്ഞു. ട്രംപ് നാമനിർദ്ദേശം ചെയ്ത ജഡ്ജിയാണ് ഉത്തരവിട്ടതെന്നതും ശ്രദ്ധേയമാണ്. ഒറിഗോൺ സംസ്ഥാനവും പോർട്ട്‌ലാൻഡ് നഗരവും സംയുക്തമായി നൽകിയ ഹർജിയിലാണ് ജില്ലാ ജഡ്ജി കാരിൻ ഇമ്മർഗട്ട് വിധി പുറപ്പെടുവിച്ചത്. “പ്രസിഡന്‍റ് തന്‍റെ ഭരണഘടനാപരമായ അധികാരം കവിയുകയും പത്താം ഭേദഗതി (Tenth Amendment) ലംഘിക്കുകയും ചെയ്തു എന്ന വാദത്തിൽ ഒറിഗോണിനും പോർട്ട്‌ലാൻഡ് നഗരത്തിനും വിജയിക്കാൻ സാധ്യതയുണ്ട്,” ജഡ്ജി ഇമ്മർഗട്ടിന്റെ അഭിപ്രായത്തിൽ പറയുന്നു.
ക്രൈം, അരാജകത്വം എന്നിവയാൽ വലയുന്നെന്ന് ട്രംപ് ഭരണകൂടം ആരോപിക്കുന്ന, ഡെമോക്രാറ്റിക് നേതൃത്വത്തിലുള്ള നഗരങ്ങളിൽ ഫെഡറൽ സൈന്യത്തെ ഉപയോഗിച്ച് കർശന നടപടിയെടുക്കാനുള്ള വൈറ്റ് ഹൗസിന്‍റെ ശ്രമങ്ങൾക്ക് ലഭിച്ച ഏറ്റവും പുതിയ തിരിച്ചടിയാണ് ഈ വിധി. കലാപകാരികളിൽ നിന്ന് ഐസിഇ (ICE) സൗകര്യങ്ങൾ സംരക്ഷിക്കേണ്ടതിന്‍റെ ആവശ്യകത പലപ്പോഴും ചൂണ്ടിക്കാട്ടിയാണ് ഇത്തരം നഗരങ്ങളിലേക്ക് സൈന്യത്തെ അയക്കാൻ ശ്രമിച്ചിരുന്നത്.
പ്രതിഷേധക്കാർ ഫെഡറൽ ഉദ്യോഗസ്ഥരുമായി ഏറ്റുമുട്ടിയതിനെക്കുറിച്ച് ട്രംപ് ഭരണകൂടം ഉദ്ധരിച്ച സമീപകാല സംഭവങ്ങൾ മാപ്പർഹിക്കാത്തതാണ് എങ്കിലും, അവ സാധാരണ നിയമപാലകർക്ക് കൈകാര്യം ചെയ്യാൻ കഴിയാത്ത തരത്തിലുള്ള സംഭവങ്ങളല്ല എന്നും ജഡ്ജി പറഞ്ഞു. പോർട്ട്‌ലാൻഡിലെ ക്രമസമാധാന നില കൈകാര്യം ചെയ്യാൻ പ്രാദേശിക അധികാരികൾക്ക് കഴിയുമെന്നും, ഫെഡറൽ സൈന്യത്തിന്‍റെ ഇടപെടൽ ആവശ്യമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.