
ജോലിക്കായും ഉന്നത വിദ്യാഭ്യാസത്തിനായും അമേരിക്കയിലേക്ക് പോകുന്നത് ഇന്ത്യക്കാരെ സംബന്ധിച്ച് വലിയൊരു ലക്ഷ്യം നേടലാണ്. ഇതിനായി യുഎസ് വിസകൂടി ലഭിച്ചാല്‍ കാര്യങ്ങളെല്ലാം എളുപ്പമായെന്നും വലിയൊരു കടമ്പ കടന്നെന്നും ആശ്വസിക്കുന്നവര്‍ക്കായി പുതിയ നിര്‍ദേശം നല്‍കി യുഎസ് അധികൃതര്‍.
യുഎസ് വിസ നേടുന്നത് സൂക്ഷ്മപരിശോധനയുടെ അവസാനമല്ലെന്നും വിസ അനുവദിച്ചു കഴിഞ്ഞാലും യുഎസ് കര്‍ശന നിരീക്ഷണം തുടരുമെന്നും ഇന്ത്യയിലെ യുഎസ് എംബസി എക്സിലെ ഒരു പോസ്റ്റിലൂടെ വ്യക്തമാക്കി.
”വിസ നല്‍കിയതിനുശേഷവും യുഎസ് വിസ സ്‌ക്രീനിംഗ് അവസാനിക്കുന്നില്ല. എല്ലാ യുഎസ് നിയമങ്ങളും ഇമിഗ്രേഷന്‍ നിയമങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഞങ്ങള്‍ വിസ ഉടമകളെ തുടര്‍ച്ചയായി പരിശോധിക്കുന്നു – നിയമം പാലിക്കുന്നില്ലെങ്കില്‍ വിസകള്‍ റദ്ദാക്കുകയും അവരെ നാടുകടത്തുകയും ചെയ്യും” എന്ന് യുഎസ് എംബസി ഇന്ത്യയിലെ ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തു.
യുഎസിലേക്ക് പോകുന്ന ഇന്ത്യന്‍ പൗരന്മാര്‍, പ്രത്യേകിച്ച് വിദ്യാര്‍ത്ഥികള്‍ക്കും ജോലിക്കാര്‍ക്കും വിസ അംഗീകാരം സ്ഥിരമായ പ്രവേശനത്തിനോ താമസത്തിനോ ഉറപ്പ് നല്‍കുന്നില്ലെന്ന ഓര്‍മ്മപ്പെടുത്തലാണിത്. ഇമിഗ്രേഷന്‍, അക്കാദമിക്, തൊഴില്‍ നിയന്ത്രണങ്ങള്‍ ഉള്‍പ്പെടെയുള്ള യുഎസ് നിയമങ്ങള്‍ പാലിക്കേണ്ടതിന്റെ പ്രാധാന്യവും ഈ മുന്നറിയിപ്പിലൂടെ എടുത്തുപറയുന്നു.
വിസ തട്ടിപ്പ്, കാലാവധി കഴിഞ്ഞിട്ടും താമസം തുടരല്‍, വിദ്യാര്‍ത്ഥി, തൊഴില്‍ വിസകളുടെ ദുരുപയോഗം എന്നിവയെക്കുറിച്ചുള്ള ആശങ്കകള്‍ക്കിടയില്‍, അന്താരാഷ്ട്ര യാത്രക്കാരുടെ പരിശോധന യുഎസ് അധികാരികള്‍ ശക്തമാക്കിയിട്ടുണ്ട്. ഇതിനിടെയാണ് പുതിയ മുന്നറിയിപ്പ് എത്തിയിരിക്കുന്നത്.
അതേസമയം, എഫ്, എം, ജെ നോണ്‍-ഇമിഗ്രന്റ് വിസ അപേക്ഷകര്‍ക്കുള്ള പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കഴിഞ്ഞ മാസം യുഎസ് സര്‍ക്കാര്‍ പങ്കുവെച്ചിരുന്നു. എഫ്, എം, അല്ലെങ്കില്‍ ജെ നോണ്‍ ഇമിഗ്രന്റ് വിസയ്ക്ക് അപേക്ഷിക്കുന്ന എല്ലാ വ്യക്തികളും അവരുടെ എല്ലാ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലെയും സ്വകാര്യതാ ക്രമീകരണങ്ങള്‍ പബ്ലിക് എന്ന് ക്രമീകരിക്കാന്‍ നിര്‍ദേശിച്ചിരുന്നു. യുഎസിലേക്കുള്ള സ്വപ്‌ന യാത്രകള്‍ ഇനി അത്ര എളുപ്പമാകില്ലെന്ന മുന്നറിയിപ്പാണ് ഇതിലൂടെ അധികൃതര്‍ നല്‍കുന്നത്. mkl