
വാഷിംഗ്ടൺ: ജെഫ്രി എപ്‌സ്‌റ്റൈൻ കേസുമായി ബന്ധപ്പെട്ട് പുറത്തുവിട്ട ആയിരക്കണക്കിന് രേഖകളിൽ പരിശോധനയും തിരുത്തലുകളും തുടരുമെന്ന് അമേരിക്കൻ നീതിന്യായ വകുപ്പ് അറിയിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച മുതൽ രേഖകൾ പുറത്തുവിട്ടു തുടങ്ങിയെങ്കിലും, പല രേഖകളിലും സുപ്രധാന വിവരങ്ങൾ കറുത്ത മഷി ഉപയോഗിച്ച് മറച്ച നിലയിലാണെന്ന വിമർശനം നിലനിൽക്കുന്നതിനിടെയാണ് നീതിന്യായ വകുപ്പിന്റെ ഈ പുതിയ പ്രഖ്യാപനം.
ഇരകളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനായി നിയമപരമായ മുൻകരുതലിന്റെ ഭാഗമായാണ് തിരുത്തലുകൾ തുടരുന്നതെന്ന് നീതിന്യായ വകുപ്പ് വ്യക്തമാക്കി. ലഭ്യമാകുന്ന പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ചിത്രങ്ങളും മറ്റ് രേഖകളും വീണ്ടും പരിശോധിക്കുമെന്നും അവർ അറിയിച്ചു.
നീതിന്യായ വകുപ്പിന്റെ ‘എപ്‌സ്‌റ്റൈൻ ലൈബ്രറി’യിൽ നിന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ചിത്രം ഉൾപ്പെട്ട ഒരു ഫയൽ (File 468) നീക്കം ചെയ്തത് വലിയ വിവാദത്തിന് വഴിവെച്ചിട്ടുണ്ട്. ട്രംപും എപ്‌സ്‌റ്റൈനും മെലാനിയ ട്രംപും ഒപ്പമുള്ള ചിത്രമായിരുന്നു ഇതെന്നാണ് റിപ്പോർട്ടുകൾ. ഇത് എന്തുകൊണ്ടാണ് നീക്കം ചെയ്തതെന്ന് വ്യക്തമാക്കാൻ വൈറ്റ് ഹൗസോ നീതിന്യായ വകുപ്പോ തയ്യാറായിട്ടില്ല.
വിപുലമായ രേഖകൾ ചുരുങ്ങിയ സമയത്തിനുള്ളിൽ പരിശോധിച്ചപ്പോൾ ‘യന്ത്രപ്പിശകുകളും’ ‘മനുഷ്യസഹജമായ തെറ്റുകളും’ സംഭവിച്ചിട്ടുണ്ടാകാമെന്ന് വകുപ്പ് സമ്മതിച്ചിട്ടുണ്ട്. എപ്‌സ്‌റ്റൈൻ ഫയലുകൾ പുറത്തുവിടാൻ നിയമനിർമ്മാണത്തിന് നേതൃത്വം നൽകിയ റിപ്പബ്ലിക്കൻ പ്രതിനിധി തോമസ് മാസ്സി നീതിന്യായ വകുപ്പിനെതിരെ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. കോൺഗ്രസ് പാസാക്കിയ നിയമം വകുപ്പ് ലംഘിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. “നിയമത്തിൽ ഇല്ലാത്ത ഇളവുകൾ സൃഷ്ടിക്കാനാണ് അവർ ശ്രമിക്കുന്നത്. രേഖകൾ നൽകണമെന്ന നിയമപരമായ നിർദ്ദേശം അവർ ബോധപൂർവ്വം അവഗണിക്കുകയാണ്.” – അദ്ദേഹം പറഞ്ഞു.














