പുതിയ ആല്‍ബം പുറത്തിറക്കി ആരാധകരെ ഞെട്ടിച്ച് ജസ്റ്റിന്‍ ബീബര്‍; നിങ്ങളുടെ സിരകളെ ത്രസിപ്പിക്കാൻ ”സ്വാഗ്” എത്തി…

പുതിയ ആല്‍ബം പുറത്തിറക്കി ആരാധകരെ ഞെട്ടിച്ച് കനേഡിയന്‍ പോപ് ഗായകന്‍ ജസ്റ്റിന്‍ ബീബര്‍. സ്വാഗ് എന്ന പേരിലാണ് പുതിയ ആല്‍ബം പുറത്തിറക്കിയിരിക്കുന്നത്. ഡാഡ്സ് ലവ്, ഡിവോഷന്‍, തെറാപ്പി സെഷന്‍ എന്നിവയുള്‍പ്പെടെ 21 ട്രാക്കുകളാണ് ഈ ആല്‍ബത്തിലുള്ളത്.

2021 ല്‍ ഇറങ്ങിയ ബീബറിന്റെ അവസാന ആല്‍ബമായ പര്‍പ്പസിന് നാല് വര്‍ഷത്തിന് ശേഷമാണ് പുതിയ ആല്‍ബം സംഗീത ആരാധകരുടെ സിരകളെ ത്രസിപ്പിക്കാനെത്തുന്നത്. സഹ കലാകാരന്മാരും ആരാധകരും സന്തോഷത്തോടെയാണ് താരത്തിന്റെ പുതിയ ഏഴാമത്തെ ആല്‍ബത്തെ സ്വീകരിക്കുന്നത്.

ഒരു മണിക്കൂറില്‍ താഴെ മാത്രം ദൈര്‍ഘ്യമാണ് ആല്‍ബത്തിനുള്ളത്. ആല്‍ബത്തിന്റെ പേരിനും ഒരു പ്രത്യേകതയുണ്ട്. ബീബറിന്റെ 2012 ലെ ഹിറ്റ് ആല്‍ബമായ ബോയ്ഫ്രണ്ടിലെ ‘സ്വാഗ്, സ്വാഗ്, സ്വാഗ്, ഓണ്‍ യു’ എന്ന വരിയുണ്ടായിരുന്നു. അതേ സ്വാഗ് എന്ന പേരിലാണ് പുതി ആല്‍ബം. ആല്‍ബം പുറത്തിറങ്ങിയ വാര്‍ത്തയെ സ്വാഗതം ചെയ്ത പ്രശസ്തരില്‍ അമേരിക്കന്‍ റാപ്പര്‍ ബിഗ് സീനും ഉള്‍പ്പെടുന്നു. മാത്രമല്ല, അമേരിക്കന്‍ മ്യൂസികം കമ്പനിയായ ഡെഫ് ജാം റെക്കോര്‍ഡിംഗ്‌സും ബീബറിന്റെ ആല്‍ബത്തെ പുകഴ്ത്തിയിരുന്നു.

‘ഭര്‍ത്താവ്, പിതാവ് എന്നീ നിലകളില്‍ അദ്ദേഹത്തിന്റെ സമര്‍പ്പണത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, സംഗീതത്തിന്റെ ഈ പുതിയ യുഗം ആഴത്തിലുള്ള കാഴ്ചപ്പാടിനും കൂടുതല്‍ പ്രതിഫലിപ്പിക്കുന്ന ശബ്ദത്തിനും ഇന്ധനം നല്‍കി, ഇത് അദ്ദേഹത്തിന്റെ ഏറ്റവും വ്യക്തിഗത സംഗീതത്തിന് കാരണമായി,’ ഡെഫ് ജാം റെക്കോര്‍ഡിംഗ്‌സ് ആല്‍ബത്തെക്കുറിച്ച് പറഞ്ഞു.

ബീബറിന്റെ മാനസികാരോഗ്യത്തെക്കുറിച്ചുള്ള ആരാധകരുടെ ആശങ്കകളുടെയും വിവാദങ്ങളുടെയും പശ്ചാത്തലത്തിലാണ് ആല്‍ബം പുറത്തിറങ്ങുന്നത്. തന്റെ സ്വകാര്യ ജീവിതത്തില്‍ പാപ്പരാസികളുടെ കടന്നുകയറ്റത്തെക്കുറിച്ച് ഗായകന്‍ കുറച്ചു മാസങ്ങളായി ഓണ്‍ലൈനില്‍ ഒന്നിലധികം പോസ്റ്റുകള്‍ പങ്കിട്ടിരുന്നു. കൂടാതെ ഗായകന്റെ വ്യക്തി ജീവിതവും ഭാര്യയുമായി വേര്‍പിരിയുന്നു എന്ന അഭ്യൂഹങ്ങളും അടുത്തിടെ ചര്‍ച്ചകളില്‍ ഇടംപിടിച്ചിരുന്നു. ഇക്കഴിഞ്ഞ ജൂണില്‍ ഒരു ഇന്‍സ്റ്റ പോസ്റ്റില്‍ ‘ ഞാന്‍ തകര്‍ന്നിരിക്കുന്നു, എനിക്ക് മുന്‍കോപത്തിന്റെ പ്രശ്‌നം ഉണ്ടായിരിക്കുന്നു എന്ന് വിഷാദത്തോടെ താരം കുറിച്ചിരുന്നു. ഇതോടെ ഇദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ആരാധകരും ആശങ്കയിലായിരുന്നു. ബിലീബേഴ്സ് എന്നാണ് ബീബറുടെ ആരാധക ലോകം അറിയപ്പെടുന്നത്.

രണ്ടുതവണ ഗ്രാമി അവാര്‍ഡ് ജേതാവും കനേഡിയന്‍ പോപ്പ് ഐഡലുമായ ബീബര്‍, കൗമാരക്കാരുടെ പോപ്പിലും സോഷ്യല്‍ മീഡിയയിലും പ്രശസ്തിയില്‍ വിപ്ലവം സൃഷ്ടിച്ച വ്യക്തിയായിരുന്നു. അദ്ദേഹത്തിന്റെ ആര്‍ & ബി പോപ്പ് ഗാനരചനാ ശൈലിക്ക് പേരുകേട്ടതാണ്. ബീബറുടെ ‘പീച്ചസ്’, ‘ബോയ്ഫ്രണ്ട്’, ‘ബേബി’ തുടങ്ങിയ ജനപ്രിയ ട്രാക്കുകള്‍ ഇപ്പോഴും ആയിക്കണക്കിന് ആളുകള്‍ ആസ്വദിച്ചുകൊണ്ടിരിക്കുന്നു.

2023 ല്‍ വിരമിക്കല്‍ പ്രഖ്യപിച്ച ബീബര്‍ ആരാധകരെ ദുഖത്തിലാഴ്ത്തിയിരുന്നു. എങ്കിലും ഈ പ്രഖ്യാപനം ‘ ഗായകന്റെ തിരിച്ചു വരവിനുള്ള ഇടവേള’ എന്നാണ് വിശേഷിപ്പിക്കപ്പെട്ടിരുന്നത്. വിരമിക്കൽ പ്രഖ്യാപിച്ചപ്പോൾ തന്റെ മുഴുവന്‍ പാട്ടുകളുടെയും അവകാശം 1644 കോടി രൂപയ്ക്ക് യൂണിവേഴ്സല്‍ മ്യൂസിക് ഗ്രൂപ്പിന് ബീബർ കൈമാറിയിരുന്നു.

More Stories from this section

family-dental
witywide