
കണ്ണൂർ: സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ തന്നെ വീട്ടിലെത്തി കണ്ടെന്ന് സ്ഥിരീകരിച്ച് പ്രശസ്ത ജ്യോത്സ്യൻ മാധവ പൊതുവാൾ രംഗത്ത്. എം വി ഗോവിന്ദനും കുടുംബവും തന്റെ വീട്ടിലെത്തി സന്ദർശനം നടത്തിയതായി മാധവ പൊതുവാൾ പ്രമുഖ സ്വകാര്യ ചാനലിനോട് വെളിപ്പെടുത്തി. വർഷങ്ങളായി ഗോവിന്ദനുമായി സൗഹൃദ ബന്ധം പുലർത്തുന്നുണ്ടെന്നും, തന്റെ അസുഖവിവരം അറിഞ്ഞാണ് അവർ കുടുംബസമേതം എത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. സ്നേഹബന്ധങ്ങൾക്ക് ജ്യോതിഷം കൂട്ടിക്കലർത്തേണ്ട ആവശ്യമില്ലെന്നും ഗോവിന്ദൻ വന്ന് ജാതകം നോക്കി എന്ന പ്രചാരണം അസഹനീയമാണെന്നും അദ്ദേഹം വിവരിച്ചു.
‘എം വി ഗോവിന്ദൻ മുഹൂർത്തമോ ജാതകമോ ചോദിച്ചിട്ടില്ല. സ്നേഹബന്ധങ്ങൾക്ക് ജ്യോതിഷം കൂട്ടിക്കലർത്തേണ്ട ആവശ്യമില്ല. ഗോവിന്ദൻ വന്ന് ജാതകം നോക്കി എന്ന പ്രചാരണം അസഹനീയമാണ്’ – അദ്ദേഹം പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അടക്കമുള്ള ബി.ജെ.പി. നേതാക്കളും പ്രമുഖ വ്യവസായി ഗൗതം അദാനിയും തന്നെ സന്ദർശിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അമിത് ഷാ ജാതകം നോക്കാൻ വന്നതാണ്. എന്നാൽ, എം.വി. ഗോവിന്ദൻ അസുഖ വിവരം തിരക്കിയാണ് വന്നത്. ആ സന്ദർശനത്തെ വിവാദമാക്കുന്നത് സി.പി.എം. പാർട്ടിക്കുള്ളിലെ ചില പ്രശ്നങ്ങളാകാം കാരണമെന്നും മാധവ പൊതുവാൾ അഭിപ്രായപ്പെട്ടു.
നേരത്തെ ജ്യോതിഷികളുടെ വീട്ടിൽ പോയാൽ എന്താണ് കുഴപ്പമെന്ന ചോദ്യവുമായി മുതിർന്ന സി പി എം നേതാവ് എ കെ ബാലൻ, ഗോവിന്ദന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു. താനുൾപ്പെടെയുള്ള നേതാക്കൾക്ക് ജ്യോതിഷികളുമായി നല്ല ബന്ധമുണ്ട്. ജ്യോതിഷികളുമായും മജീഷ്യൻമാരുമായും സംസാരിക്കാൻ തനിക്ക് പ്രത്യേക താൽപര്യമുണ്ട്. സമയം നോക്കാനോ ജ്യോതിഷം നോക്കാനോ അല്ല ഇവിടെ പോകുന്നത്. ജ്യോത്സ്യൻ പറഞ്ഞ കാര്യങ്ങൾ ഉദ്ധരിച്ച് എ കെ ആന്‍റണിക്കെതിരെ താൻ നിയമസഭയിൽ സംസാരിച്ചിരുന്നുവെന്നും എകെ ബാലൻ പറഞ്ഞിരുന്നു. മൂലം നക്ഷത്രത്തിൽ ജനിച്ച ആന്‍റണി, പൂരുരുട്ടാതിയിൽ സത്യപ്രതിജ്ഞ ചെയ്തു എന്നായിരുന്നു ആ പരാമർശം. സിപിഎം അല്ല കോൺഗ്രസുകാരാണ് കൂടോത്രവും ജ്യോതിഷവുമായി പോകുന്നതെന്ന് എകെ ബാലൻ പറഞ്ഞു. വൈരുദ്ധ്യാത്മക ഭൗതിക വാദത്തിൽ വിശ്വസിക്കുന്നവരാണ് തങ്ങളെന്നും എകെ ബാലൻ പറഞ്ഞു.