വലിയ സൂചന നൽകി കമല ഹാരിസ്, ‘യുഎസിൽ ഒരു വനിത പ്രസിഡന്‍റ് ഉറപ്പായും വരും, ഒരുപക്ഷെ ഞാൻ ആകും അത്‌’; 2028 ൽ വീണ്ടും മത്സരിക്കാൻ സാധ്യത

വാഷിംഗ്ടൺ: ഭാവിയിൽ താൻ ഒരിക്കൽ കൂടി പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിച്ചേക്കാം എന്ന് മുൻ യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ് സൂചന നൽകി. ബിബിസിക്ക് നൽകിയ അഭിമുഖത്തിലാണ്, അമേരിക്കയിൽ ഒരു വനിത ഓവൽ ഓഫീസിലെത്തുമെന്ന് തനിക്ക് ആത്മവിശ്വാസമുണ്ടെന്നും, അത് ഒരുപക്ഷേ താനാവാമെന്നും അവർ വ്യക്തമാക്കിയത്. 2024ലെ തിരഞ്ഞെടുപ്പിൽ ഇപ്പോഴത്തെ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനോട് പരാജയപ്പെട്ട കമലാ ഹാരിസ്, 2028ൽ വീണ്ടും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചേക്കാം എന്നതിന്‍റെ ഏറ്റവും വ്യക്തമായ സൂചനയാണ് ഈ അഭിമുഖത്തിലൂടെ നൽകിയത്.

ബിബിസിയുടെ ലോറ കുൻസ്‌ബെർഗുമായുള്ള അഭിമുഖം ഞായറാഴ്ച സംപ്രേക്ഷണം ചെയ്യും. “ഞാൻ പിന്മാറിയിട്ടില്ല,” മുൻ വൈസ് പ്രസിഡന്‍റ് പറഞ്ഞു. “എന്‍റെ കരിയർ മുഴുവൻ രാജ്യസേവനത്തിനായി ഞാൻ ജീവിച്ചു, അത് എന്‍റെ അസ്ഥികളിലുണ്ട്,” അവർ കൂട്ടിച്ചേർത്തു. വീണ്ടും മത്സരിക്കാനുള്ള സാധ്യതയെക്കുറിച്ച് സംസാരിച്ച ഹാരിസ്, തൻ്റെ കൊച്ചുമക്കൾ “അവരുടെ ജീവിതകാലത്ത്, തീർച്ചയായും” ഒരു വനിതാ പ്രസിഡന്‍റിനെ കാണുമെന്നും പറഞ്ഞു.

ആ സ്ത്രീ താനായിരിക്കുമോ എന്ന ചോദ്യത്തിന്, “ഒരുപക്ഷേ ആകാം” എന്നായിരുന്നു ഹാരിസിന്റെ മറുപടി. തന്‍റെ രാഷ്ട്രീയ ഭാവിയെക്കുറിച്ച് ഇപ്പോഴും ആലോചിക്കുകയാണെന്നും എന്നാൽ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും അവർ സ്ഥിരീകരിച്ചു. യുഎസ് രാഷ്ട്രീയത്തിലെ സജീവ സാന്നിധ്യമായി തന്നെയാണ് താൻ സ്വയം കാണുന്നതെന്നും ഹാരിസ് ഊന്നിപ്പറഞ്ഞു.

More Stories from this section

family-dental
witywide