
മണ്ഡി: ഹിമാചല്‍ പ്രദേശില്‍ നാശം വിതച്ച കനത്ത മഴയും മണ്ണിടിച്ചിലും വെള്ളപ്പൊക്കവും ഉള്‍പ്പെടെയുള്ള ദുരന്ത ബാധിതരെ സന്ദര്‍ശിക്കുന്നതിനിടെ സ്വന്തം റസ്റ്ററന്റ് നഷ്ടത്തിലാണെന്ന ദുഖം പങ്കുവെച്ച് ബിജെപി എംപിയും നടിയുമായ കങ്കണ റണാവത്ത്. ഹിമാചല്‍ പ്രദേശിലെ മണ്ഡിയില്‍ നിന്നുള്ള ബിജെപി എംപിയും നടിയുമായ കങ്കണ മണാലി ആസ്ഥാനമായുള്ള തന്റെ റസ്റ്റോറന്റും പ്രകൃതി ദുരന്തത്തില്‍പ്പെട്ടിരിക്കുകയാണെന്നും എന്റെ വേദനയും നിങ്ങള്‍ മനസിലാക്കണമെന്നും ദുരന്തബാധിതരോട് പറയുകയായിരുന്നു.
‘ഇന്നലെ എന്റെ റസ്റ്റോറന്റില്‍ നിന്ന് വെറും 50 രൂപ മാത്രമാണ് ലഭിച്ചത്, ഞാന്‍ 15 ലക്ഷം രൂപ ശമ്പളം നല്‍കുന്നു. എന്റെ വേദനയും മനസ്സിലാക്കുക. ഞാനും ഒരു ഹിമാചല്‍കാരിയാണ്, ഈ സ്ഥലത്തെ താമസക്കാരിയാണ്,’ കങ്കണ പറഞ്ഞു.
ഈ വര്‍ഷം ആദ്യം മണാലിയിലാണ് ‘ദി മൗണ്ടന്‍ സ്റ്റോറി’ എന്ന റസ്റ്ററന്റ് കങ്കണ റണാവത്ത് ആരംഭിച്ചത്, യഥാര്‍ത്ഥ ഹിമാചല്‍ പാചകരീതിയും രുചിയും പരിചയപ്പെടുത്തുന്ന ഒരിടമെന്ന രീതിയില്‍ ഇത് ഇതിനോടകം തന്നെ ശ്രദ്ധ നേടിയിട്ടുണ്ട്. ടൂറിസത്തെ വളരെയധികം ആശ്രയിക്കുന്ന ഒരു പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഈ കഫേ ഇപ്പോള്‍ പ്രകൃതി ദുരന്തത്തില്‍പ്പെട്ടിരിക്കുകയാണ്. മഴയും മണ്ണിടിച്ചിലും മൂലമുണ്ടായ തടസ്സങ്ങള്‍ ‘ദി മൗണ്ടന്‍ സ്റ്റോറി’യേയും ബാധിച്ചു.
സോളാങ്, പാല്‍ച്ചന്‍ എന്നിവിടങ്ങളിലെ അവസ്ഥ നേരിട്ട് മനസിലാക്കാനെത്തിയ കങ്കണയ്‌ക്കൊപ്പം ബിജെപി നേതാവും മണാലിയില്‍ നിന്നുള്ള മുന്‍ എംഎല്‍എയുമായ ഗോവിന്ദ് സിംഗ് താക്കൂറും ഉണ്ടായിരുന്നു. പ്രദേശവാസികള്‍ നാശനഷ്ടങ്ങളുടെ വ്യാപ്തിയെക്കുറിച്ച് അവരെ അറിയിച്ചു.
ബിലാസ്പൂര്‍, കാംഗ്ര, മണ്ഡി, സിര്‍മൗര്‍ എന്നിവിടങ്ങളില്‍ കനത്ത മഴ, മിന്നല്‍ പ്രളയം എന്നിവയ്ക്ക് കാലാവസ്ഥാ വകുപ്പ് യെല്ലോ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വ്യാഴാഴ്ച, ഹിമാചല്‍ പ്രദേശിന്റെ പല ഭാഗങ്ങളിലും മിതമായതോ കനത്തതോ ആയ മഴയാണ് രേഖപ്പെടുത്തിയത്.