
ബെംഗളൂരു: രാഷ്ട്രീയ പാര്‍ട്ടികളുടെയും സമുദായ നേതാക്കളുടെയും ഇടയില്‍ നിന്നും കടുത്ത പ്രതിഷേധം ഉയര്‍ന്നിരുന്നതിനിടെയില്‍ കര്‍ണാടക സര്‍ക്കാര്‍ തിങ്കളാഴ്ച ബൃഹത്തായ ജാതി സെന്‍സസ് ആരംഭിക്കും. എന്നാല്‍, 10 വര്‍ഷം മുന്‍പു നടന്ന സെന്‍സസിലെ വിവരങ്ങള്‍ കാലഹരണപ്പെട്ടെന്നും അതിനാല്‍ പുതുക്കണമെന്നുമുള്ള ആവശ്യവും ശക്തമായിയിരുന്നു.
സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 7 വരെയായിരിക്കും സര്‍വ്വേ തുടരുക. ഇതിനായി സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷന്‍ 420 കോടി ചെലവഴിക്കും. ഈ പ്രക്രിയയുടെ ഭാഗമായി, ഏകദേശം 175,000 ഉദ്യോഗസ്ഥര്‍, സംസ്ഥാനത്തെ 20 ദശലക്ഷം വീടുകളിലായി ഏകദേശം 70 ദശലക്ഷം ആളുകള്‍ക്കിടയിലാകും സര്‍വ്വേ നടത്തുക. ‘സെപ്റ്റംബര്‍ 22 മുതല്‍ ഞങ്ങളുടെ സര്‍വേ ആരംഭിക്കും. ഞങ്ങള്‍ എല്ലാ തയ്യാറെടുപ്പുകളും നടത്തിയിട്ടുണ്ട്,’ കമ്മീഷന്‍ ചെയര്‍മാന്‍ മധുസൂദന്‍ ആര്‍ നായിക് പറഞ്ഞു.
2015 – 18 ല്‍ പിന്നാക്ക ക്ഷേമ കമ്മിഷന്‍ മുന്‍ ചെയര്‍മാന്‍ എച്ച്. കാന്തരാജുവിന്റെ മേല്‍നോട്ടത്തില്‍ ജാതി സെന്‍സസ് നടത്തിയിരുന്നു. ഈ റിപ്പോര്‍ട്ടില്‍ അശാസ്ത്രീയതയുണ്ടെന്നാണ് വാദം. സര്‍വേ വീണ്ടും നടത്തണമെന്ന് ഭരണപക്ഷത്തു നിന്നും ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍, ജാതി സെന്‍സസ് നടത്തിയാല്‍ സാമൂഹിക, രാഷ്ട്രീയ രംഗത്തെ മേല്‍ക്കൈ നഷ്ടമാകുമെന്ന ലിംഗായത്ത്, വൊക്കലിഗ പക്ഷത്തിന് പരാതിയുണ്ട്.










