
വാഷിംഗ്ടൺ: അമേരിക്കൻ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് താൻ രണ്ടാമതും ഗർഭിണിയാണെന്ന സന്തോഷവാർത്ത പങ്കുവെച്ചു. 2026 മെയ് മാസത്തിൽ ഒരു പെൺകുഞ്ഞ് ജനിക്കുമെന്ന് ഭർത്താവ് നിക്കോളാസ് റിക്കിയോയോടൊപ്പം അവർ സോഷ്യൽ മീഡിയയിൽ അറിയിച്ചു.
ക്രിസ്മസ് ട്രീയ്ക്ക് മുന്നിൽ നിൽക്കുന്ന ചിത്രങ്ങളും അൾട്രാസൗണ്ട് ഇമേജും പങ്കുവെച്ചുകൊണ്ടാണ് ഈ വിവരം അവർ പൊതുസമക്ഷം എത്തിച്ചത്. മാതൃത്വത്തെ “ഭൂമിയിലെ സ്വർഗത്തോട് ഏറ്റവും അടുത്തത്” എന്ന് വിശേഷിപ്പിച്ച അവർ, ദൈവത്തോടുള്ള നന്ദി പ്രകടിപ്പിച്ചു.
വൈറ്റ് ഹൗസിൽ കുടുംബസൗഹൃദ അന്തരീക്ഷം സൃഷ്ടിച്ചതിന് പ്രസിഡന്റ് ഡോണൾഡ് ട്രംപിനോടും ചീഫ് ഓഫ് സ്റ്റാഫ് സൂസി വൈൽസിനോടും ലീവിറ്റ് നന്ദി രേഖപ്പെടുത്തി. 2024 ജൂലൈയിലാണ് ദമ്പതികളുടെ ആദ്യ മകൻ നിക്കോളാസ് (നിക്കോ) ജനിച്ചത്. മകൻ വലിയ സഹോദരനാകുന്നത് കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നുവെന്ന് അവർ കുറിച്ചു. രാഷ്ട്രീയ ജീവിതത്തിന്റെ തിരക്കുകൾക്കിടയിലും മാതൃത്വത്തിന്റെ ഉത്തരവാദിത്തങ്ങൾ നിർവഹിക്കുന്നതിൽ ലീവിറ്റ് പലപ്പോഴും ശ്രദ്ധേയയായിട്ടുണ്ട്.
2024 ജൂലൈയിൽ ആദ്യ കുഞ്ഞ് ജനിച്ച് കേവലം നാല് ദിവസങ്ങൾക്കകം ജോലിയിൽ മടങ്ങിയെത്തിയത് അവരുടെ പ്രതിബദ്ധതയ്ക്ക് ഉദാഹരണമാണ്. ട്രംപിനെതിരായ വധശ്രമത്തിന്റെ പശ്ചാത്തലത്തിലുള്ള രാജ്യത്തിന്റെ നിർണായക സാഹചര്യത്തിലായിരുന്നു അത്. “പ്രസിഡന്റ് തന്റെ ജീവൻ പണയം വെച്ച് തിരഞ്ഞെടുപ്പിനെ നേരിട്ടു; അതിനാൽ എനിക്ക് ചെയ്യാവുന്ന ഏറ്റവും ചെറിയ കാര്യം വേഗം ജോലിയിലേക്ക് തിരിച്ചെത്തുക എന്നതായിരുന്നു” എന്ന് അവർ അന്നൊരു അഭിമുഖത്തിൽ പറഞ്ഞു.
അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിമാരിൽ ഒരാളാണ് കരോലിൻ ലീവിറ്റ്.















