
ചെന്നൈ : 38 പേരുടെ മരത്തിനിടയാക്കിയ കരൂര്‍ ദുരന്തത്തിനു പിന്നാലെ തമിഴക വെട്രി കഴകം നേതാവും നടനുമായ വിജയ്യുടെ അറസ്റ്റാവശ്യപ്പെട്ട് പ്രചാരണം ശക്തം. സമൂഹമാധ്യമങ്ങളിലും വിവിധ രാഷ്ട്രീയ പാര്‍ട്ടികളുമാണ് വിജയ്ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.
മരിച്ചവരില്‍ 9 കുട്ടികളും 17 സ്ത്രീകളും ഉള്‍പ്പെടുന്നു. 29 പേരെ മരിച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്. കുഴഞ്ഞു വീണ കുട്ടികളടക്കം 117 പേര്‍ ചികിത്സയിലുണ്ട്. ഇതില്‍ 17 പേരുടെ നില ഗുരുതരമാണ്. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ട്. പരുക്കേറ്റവരില്‍ 9 പൊലീസുകാരുമുണ്ട്.
കരൂരില്‍ ഇന്നലെ നടന്ന പരിപാടിയില്‍ വിജയ് എത്തുമെന്നറിഞ്ഞ് തടിച്ചുകൂടിയ ജനക്കൂട്ടം നിയന്ത്രണാതീതമായതാണ് ദുരന്തത്തിന് കാരണമായത്. ഉച്ചയോടെ വിജയ് കരൂരില്‍ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും താരം സ്ഥലത്തെത്താന്‍ കുറഞ്ഞത് ആറ് മണിക്കൂറെങ്കിലും വൈകി. മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പും കനത്ത ചൂടും കാരണം ജനക്കൂട്ടത്തില്‍ പലരും തളര്‍ന്നുവീഴാന്‍ തുടങ്ങിയിരുന്നു. വിജയ് എത്തിയതോടെ അദ്ദേഹത്തിന്റെ പ്രചാരണ വാഹനത്തിന് അടുത്തേക്ക് എത്താന്‍ ആളുകള്‍ ശ്രമം നടത്തിയതോടെ നിരവധിയാളുകള്‍ തെന്നിവീഴുകയായിരുന്നു.