
വാഷിംഗ്ടൺ: സർക്കാർ അടച്ചുപൂട്ടൽ കാരണം എഫ്ബിഐ ജീവനക്കാരുടെ ശമ്പളം വൈകുമ്പോൾ, ഡയറക്ടർ കാഷ് പട്ടേൽ തന്‍റെ കാമുകിയുടെ റെസ്ലിംഗ് ഇവന്‍റിൽ പങ്കെടുക്കാൻ എഫ്ബിഐയുടെ വിമാനം സ്വകാര്യ ആവശ്യങ്ങൾക്കായി ഉപയോഗിച്ചു എന്ന് ആരോപണം. മുൻ എഫ്ബിഐ ഏജന്‍റ് ആണ് ഈ ആരോപണവുമായി രംഗത്തെത്തിയത്. “പ്രിയ എഫ്ബിഐ ജീവനക്കാരേ: സർക്കാർ ഫണ്ട് ലഭിക്കാത്തതിനാൽ നിങ്ങൾക്ക് ശമ്പളം ലഭിക്കില്ല എന്നതിൽ ഞാൻ ഖേദിക്കുന്നു. ഭാഗ്യവശാൽ, അത് ‘റിയൽ അമേരിക്കൻ ഫ്രീസ്റ്റൈൽ റെസ്ലിംഗിനെ’ തടയുന്നില്ലല്ലോ!” എഫ്ബിഐയുടെ കടുത്ത വിമർശകനും മാഗ (MAGA) പോഡ്‌കാസ്റ്ററുമായി മാറിയ മുൻ ഏജന്‍റ് കൈൽ സെറാഫിൻ എക്സിൽ കുറിച്ചു.
ഫെഡറൽ ജീവനക്കാർക്ക് ശമ്പളം നിഷേധിച്ച സർക്കാർ അടച്ചുപൂട്ടലിനിടെ സർക്കാർ വിഭവങ്ങൾ ദുരുപയോഗം ചെയ്തു എന്നാരോപിച്ച ഈ പോസ്റ്റ് പെട്ടെന്ന് ഓൺലൈനിൽ ശ്രദ്ധനേടി. ഒക്ടോബർ 25 ന് നീതിന്യായ വകുപ്പിന്‍റെ ഉടമസ്ഥതയിലുള്ള ഒരു സർക്കാർ ജെറ്റ് വിമാനം വിർജീനിയയിൽ നിന്ന് പെൻസിൽവാനിയയിലേക്ക് 40 മിനിറ്റ് പറന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
ഇതേ സമയത്താണ് പട്ടേലിന്റെ കാമുകി അലക്സിസ് വിൽക്കിൻസ് പങ്കെടുത്ത റിയൽ അമേരിക്കൻ ഫ്രീസ്റ്റൈൽ റെസ്ലിംഗ് ഇവന്‍റ് പെൻ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നടന്നത്. ഇവന്‍റിന് ശേഷം, അതേ ജെറ്റ് വിമാനം വിൽക്കിൻസ് താമസിക്കുന്ന നാഷ്‌വില്ലെയിലേക്ക് പോയതായും ദി ഇൻഡിപെൻഡൻ്റ് റിപ്പോർട്ട് ചെയ്തു.















