
ശ്രീനഗര്‍ : ജമ്മു കാശ്മീരില്‍ മേഘവിസ്‌ഫോടനത്തെത്തുടര്‍ന്നുണ്ടായ കനത്തമഴയില്‍ വൈഷ്‌ണോ ദേവി ക്ഷേത്രത്തിന് സമീപമുണ്ടായ മണ്ണിടിച്ചില്‍ മരണ സംഖ്യ ഉയരുന്നു. ഇതുവരെ 31 പേര്‍ക്ക് ജീവന്‍ നഷ്ടമായെന്നാണ് പുറത്തുവരുന്ന വിവരം. നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നുണ്ട്. പ്രതികൂല സാഹചര്യത്തിലും തിരച്ചില്‍ തുടരുകയാണ്. 23 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ബുധനാഴ്ച കനത്ത മഴയെ തുടര്‍ന്ന് ജമ്മു കശ്മീരിലെ കത്രയിലെ അര്‍ദ്ധകുമാരിക്ക് സമീപമുള്ള മാതാ വൈഷ്ണോ ദേവി യാത്രാ പാതയിലാണ് വന്‍ മണ്ണിടിച്ചിലുണ്ടായത്.
തുടര്‍ച്ചയായി പെയ്യുന്ന മഴ ജമ്മു കശ്മീരിലുടനീളം നാശം വിതച്ചു. ഇത് പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും കാരണമായി. മിന്നല്‍ പ്രളയത്തെ തുടര്‍ന്ന് നിരവധി കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ജമ്മുവില്‍, പാലങ്ങള്‍ തകര്‍ന്നു, വൈദ്യുതി ലൈനുകളും മൊബൈല്‍ ടവറുകളും തകര്‍ന്നു. ഗതാഗത മാര്‍ഗം ഉള്‍പ്പെടെ തടസ്സപ്പെട്ടു. ഇന്റര്‍നെറ്റ് ബന്ധം പലയിടത്തും താറുമാറായി. സ്ഥിതി അതീവ ഗുരുതരമാണെന്ന് ഒമര്‍ അബ്ദുള്ള വ്യക്തമാക്കിയിട്ടുണ്ട്. അപകടവുമായി ബന്ധപ്പെട്ട സ്ഥിതി നിരീക്ഷിക്കുകയാണെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് ഇന്നലെ അറിയിച്ചിരുന്നു. നിലവില്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.