‘കാവിക്കൊടിയേന്തിയ ഭാരതാംബ’ ചിത്ര വിവാദം രാഷ്ട്രപതിയുടെ ശ്രദ്ധയിൽ! ഗവര്‍ണര്‍ക്കെതിരെ കത്തെഴുതി കെസി വേണുഗോപാല്‍

ഡൽഹി: ഭരണഘടനാ ചട്ടങ്ങളുടെ പരിധിക്കുള്ളില്‍ നിന്ന് ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാനും ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കുന്ന നടപടികളില്‍ നിന്ന് പിന്‍മാറാനും ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി രാഷ്ട്രപതിക്ക് കത്തെഴുതി. ഭരണഘടനാചട്ടക്കൂട്ടിനകത്തുനിന്ന് പ്രവര്‍ത്തിക്കേണ്ടതാണ് ഗവര്‍ണര്‍ പദവി. പ്രത്യയശാസ്ത്രപരമായ കാഴ്ചപ്പാടുകള്‍ക്ക് അവിടെ പ്രസ്‌കതിയില്ലെന്നും കെ.സി.വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.

കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രവിവാദവുമായി ബന്ധപ്പെട്ട് ഗവര്‍ണറുടെ നിലപാടുകള്‍ കേരളത്തിലുണ്ടാക്കുന്ന ഭരണഘടനാ പ്രതിസന്ധിയും ക്രമസമാധാന പ്രശ്‌നങ്ങളും സംബന്ധിച്ച ആശങ്ക, വേണുഗോപാല്‍ രാഷ്ട്രപതിയെ അറിയിച്ചു. രാജ് ഭവൻ കൈക്കൊള്ളുന്ന ഭരണഘടന വിരുദ്ധ നിലപാടുകൾ സംസ്ഥാനത്തെ ജനാധിപത്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെ ദുര്‍ബലപ്പെടുത്തുകയും, ക്രമസമാധാന പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്തിരിക്കുകയാണ്.

വ്യക്തമായ വിവേചനാധികാരമുള്ള വിഷയങ്ങളില്‍ ഒഴികെ, മന്ത്രിസഭയുടെ ഉപദേശത്തിന് അനുസൃതമായി പ്രവര്‍ത്തിക്കാന്‍ ഉദ്ദേശിച്ചുള്ള ഭരണഘടനാ സ്ഥാനമാണ് ഗവര്‍ണറുടേത്. ഗവര്‍ണര്‍ നിഷ്പക്ഷതയോടും അന്തസ്സോടും സംയമനത്തോടും കൂടി പ്രവര്‍ത്തിക്കണമെന്നും പക്ഷപാതപരമോ പ്രത്യയശാസ്ത്രപരമോ ആയ ഇടപെടലുകള്‍ ഒഴിവാക്കണമെന്നും സര്‍ക്കാരിയ കമ്മീഷന്‍, പുഞ്ചി കമ്മീഷന്‍ തുടങ്ങിയവ വ്യക്തമാക്കുന്നു. എന്നാല്‍ കേരളത്തിലെ സമീപകാല സംഭവവികാസങ്ങള്‍ ഭരണഘടനാ തത്വങ്ങളില്‍നിന്ന് വ്യതിചലിക്കുന്നതാണെന്ന് വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.

ഭരണഘടനാപരവും നിയമപരവുമായ അംഗീകാരമില്ലാത്ത’കാവിക്കൊടിയേന്തിയ ഭാരതമാതാവിന്റെ’ ചിത്രം ഔദ്യോഗിക ചടങ്ങുകളില്‍ പ്രദര്‍ശിപ്പിക്കണമെന്ന് ഗവര്‍ണര്‍ ശാഠ്യം പിടിക്കുന്നത് അംഗീകരിക്കാനാവില്ല. ദേശീയപതാകയ്ക്ക് പകരം ഇത്തരം അനൗദ്യോഗിക ചിത്രത്തിന് പൊതുചടങ്ങുകളില്‍ മുന്‍ഗണന നല്‍കുന്നത് അപകടകരമാണ്.

ഗവര്‍ണറുടെ പദവി ഭരണഘടനാ പ്രാധാന്യമുള്ളതാണ്. ഫെഡറലിസവും ഭരണഘടനാപരമായ ഔചിത്യവും ഉയര്‍ത്തിപ്പിടിച്ചുകൊണ്ട്, കേന്ദ്രത്തെയും സംസ്ഥാനത്തെയും ബന്ധിപ്പിക്കുന്ന നിഷ്പക്ഷ നിലപാടില്‍ ഉറച്ചുനിന്നാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടത്.അതില്‍നിന്നും വ്യതിചലിക്കുന്നത് ഭരണഘടനയിലുള്ള ജനങ്ങളുടെ വിശ്വാസത്തെ ദുര്‍ബലപ്പെടുത്തുമെന്നും കെസി വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.

Governor’s statement regarding the saffron flag-draped Bharatamba picture controversy

More Stories from this section

family-dental
witywide