തടവറയ്ക്കുള്ളിൽ 14 വർഷം, ഭാസ്‌കര കാരണവര്‍ വധക്കേസില്‍ പ്രതി ഷെറിന് ശിക്ഷാ ഇളവ് നൽകാൻ മന്ത്രിസഭ തീരുമാനം; മോചനം വൈകില്ല

തിരുവനന്തപുരം: ഭാസ്‌കര കാരണവര്‍ വധക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രതി ഷെറിന് ശിക്ഷായിളവ് നൽകി മോചനം നൽകാൻ തീരുമാനിച്ച് സംസ്ഥാന മന്ത്രിസഭ. ഷെറിന് ശിക്ഷായിളവ് നല്‍കാന്‍ ഇന്ന് ചേർന്ന മന്ത്രിസഭ യോഗമാണ് തീരുമാനിച്ചത്. കേസില്‍ ശിക്ഷ 14 വര്‍ഷം പൂര്‍ത്തിയായ സാഹചര്യത്തിലാണ് ഇളവ് നല്‍കുന്നത്. ശിക്ഷ കാലാവധി പൂര്‍ത്തിയായി സാഹചര്യത്തില്‍ ഷെറിന്‍ നേരത്തെ നല്‍കിയ പരാതി കൂടി പരിഗണിച്ചാണ് ഇളവ് നല്‍കാനുള്ള തീരുമാനമെടുത്തത്.

2009 നവംബര്‍ 8 നാണ് ഷെറിന്റെ ഭര്‍തൃപിതാവ് ചെങ്ങന്നൂര്‍ സ്വദേശി ഭാസ്‌കര കാരണവര്‍ കൊല്ലപ്പെട്ടത്. കേസിലെ ഒന്നാം പ്രതി ഷെറിനും ഇവരുടെ കാമുകന്‍മാരും കൊലപാതകത്തില്‍ പ്രതികളായിരുന്നു. മോഷണത്തെ തുടര്‍ന്നുണ്ടായ കൊലപാതകമെന്നാണ് ആദ്യം കരുതിയത്. പിന്നീടാണ് ഷെറിന്‍ പിടിയിലായത്.

തന്റെ വഴിവിട്ട ബന്ധം കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഭാസ്‌കര കാരണവരെ ഷെറിനും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തിയത്. കേസില്‍ ഷെറിന്‍ നല്‍കിയ മൊഴിയാണ് വഴിത്തിരിവായത്. മരണാനന്തര ചടങ്ങുകള്‍ക്കുശേഷം നടത്തിയ ചോദ്യം ചെയ്യലില്‍ ഷെറിനാണ് വീടിന്റെ മുകള്‍നിലയില്‍ ഒരു സ്ലൈഡിങ് ജനാലയുണ്ടെന്നും അതുവഴി പുറത്തുനിന്നൊരാള്‍ക്ക് അകത്തേക്ക് കയറാമെന്നും മൊഴി നല്‍കിയത്. എന്നാല്‍ ഒരു ഏണിയില്ലാതെ ഒരാള്‍ക്ക് അതിന്റെ മുകളില്‍ കയറി നില്‍ക്കാന്‍ കഴിയില്ല. ഇതിനിടെ ഷെറിന്റെ ഫോണ്‍ കോള്‍ പട്ടിക പരിശോധിച്ചപ്പോള്‍ ഒരു നമ്പരിലേക്ക് 55 കോളുകള്‍ പോയതായി കണ്ടെത്തി.

കേസിലെ രണ്ടാംപ്രതി ബാസിത് അലിയുടെ ഫോണിലേക്കായിരുന്നു ഫോണ്‍ കോളുകള്‍ പോയിരുന്നത്. കൊല്ലപ്പെട്ട ഭാസ്‌കര കാരണവരുടെ കിടപ്പുമുറിയിലെ അലമാരയുടെ പിടിയില്‍ കാണപ്പെട്ട വലതു തള്ളവിരലിന്റെ അടയാളം ബാസിത് അലിയുടേതാണെന്ന് പിന്നീട് തെളിഞ്ഞു. ഒരുമിച്ച് ജീവിക്കാനുള്ള തയാറെടുപ്പിലായിരുന്നു ഷെറിനും ബാസിത് അലിയുമെന്നും അതിനിടെയായിരുന്നു കൊലപാകവുമെന്നും കണ്ടെത്തി.

ഷാനുറഷീദ്, നിഥിന്‍ എന്നിവരായിരുന്നു കേസിലെ കൂട്ടുപ്രതികള്‍. സ്വത്തില്‍നിന്ന് ഒഴിവാക്കിയതിലുള്ള പ്രതികാരമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് ഷെറിന്‍ മൊഴി നല്‍കിയത്. വേലിക്കര അതിവേഗ കോടതിയാണ് ഷെറിന് ജീവപര്യന്തം ശിക്ഷയ്ക്ക് വിധിച്ചത്. ഈ ഉത്തരവ് ഹൈക്കോടതിയും ശരിവെച്ചു. ഷെറിന്‍ സുപ്രിംകോടതിയെ സമീപിച്ചെങ്കിലും ജീവപര്യന്തം സുപ്രിംകോടതിയും ശരിവെച്ചിരുന്നു.

Also Read

More Stories from this section

family-dental
witywide