
കൊച്ചി: അറബിക്കടലില്‍ കേരള തീരത്ത് എം എസ് സി എല്‍സ-3 കപ്പലിന് തീ പിടിച്ച സംഭവത്തില്‍ മെഡിറ്ററേനിയന്‍ ഷിപ്പ് കമ്പനിക്കെതിരെ നല്‍കിയ അഡ്മിറാലിറ്റി സ്യൂട്ടില്‍ എം എസ് സിയുടെ മറ്റൊരു കപ്പല്‍ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ട് ഹൈക്കോടതി. എം എസ് സിയുടെ അകിറ്റെറ്റ-2 അറസ്റ്റ് ചെയ്യാനാണ് ഹൈക്കോടതി സിംഗിള്‍ ബഞ്ചിന്റെ ഇടക്കാല ഉത്തരവ്. അകിറ്റെറ്റ 2 വിഴിഞ്ഞം തുറമുഖം വിടരുതെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. അപകടത്തില്‍ 9,531 കോടി രൂപ നഷ്ടപരിഹാരം വേണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
പരിസ്ഥിതി- സമുദ്രോത്പന്ന നഷ്ടം ഉന്നയിച്ച് നല്‍കിയ ഹരജിയിലാണ് ജസ്റ്റിസ് എം എ അബ്ദുല്‍ ഹക്കിം അധ്യക്ഷനായ സിംഗിള്‍ ബഞ്ചിന്റെ ഉത്തരവ്. കപ്പല്‍ അപകടത്തിലൂടെ സംസ്ഥാനത്തിന് പരിസ്ഥിതി – ജൈവ ആവാസ വ്യവസ്ഥയില്‍ കനത്ത നാശനഷ്ടമുണ്ടായിയെന്നാണ് ഹരജിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ ആക്ഷേപം. സാമ്പത്തിക- മത്സ്യബന്ധന മേഖലകളെയും ബാധിച്ചുവെന്നും സംസ്ഥാന സര്‍ക്കാരിന്റെ ഹരജിയില്‍ പറയുന്നു. 2017ലെ അഡ്മിറാലിറ്റി നിയമം അനുസരിച്ച് നഷ്ടപരിഹാരം ലഭ്യമാക്കാനായി ഹൈക്കോടതി അധികാരം ഉപയോഗിക്കണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം.